തിരുവനന്തപുരം: തൃപ്തി ദേശായി അടക്കം ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ലെന്നു മന്ത്രി എ.കെ. ബാലൻ. ശബരിമലയിൽ കയറാൻ തയാറായി തൃപ്തി ദേശായി ഉൾപ്പെടെ അഞ്ചു സ്ത്രീകൾ കൊച്ചിയിൽ എത്തുകയും ഇവർക്കൊപ്പം ചേർന്ന ബിന്ദു അമ്മിണി ആക്രമിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബാലന്റെ പ്രതികരണം.
കേരളത്തിലുള്ള ഭക്തരായ സ്ത്രീകൾ ശബരിമലയിൽ പോകില്ല. ശബരിമലയിൽ സമാധാനം ഉറപ്പുവരുത്തും. ഗൂഡാലോചന അന്വേഷിക്കും. വിധിയിൽ വ്യക്തത വരുത്താൻ സർക്കാർ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശലംഘനമാണെന്നും ബാലൻ പറഞ്ഞു.
തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ബിജെപിക്കു മേൽക്കൈയുള്ള പൂനയിൽനിന്നാണ് തൃപ്തിയുടെ വരവെന്നും തീർഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് ഇപ്പോൾ നടക്കുന്നതെന്നും കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞു. തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയുമുണ്ടെന്നു കരുതുന്നതിൽ തെറ്റില്ലെന്നും ഇതൊരു ക്രമസമാധാന പ്രശ്നമാക്കി വളർത്താനാണു ശ്രമങ്ങൾ നടക്കുന്നതെന്നും കടകംപള്ളി കുറ്റപ്പെടുത്തി.
ശബരിമല ദർശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കു നേരെ ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് മുളകു സ്പ്രേ അടിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിനിരയായ ബിന്ദു അമ്മിണി ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.