പത്തനംതിട്ട: ശബരിമലയിൽ യുവതീപ്രവേശനം സംബന്ധിച്ച ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ മണ്ഡല മകരവിളക്കുകാലം സർക്കാരിനു വെല്ലുവിളിയാകും. കോടതി വിധി പ്രകാരം 10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകളെത്തിയാൽ അവർക്കു സംരക്ഷണം ഒരുക്കേണ്ട ബാധ്യത സർക്കാരിനാണ്. നിലവിൽ പോലീസിന്റെ വെബ്പോർട്ടൽ മുഖേന 500 സ്ത്രീകൾ പ്രവേശനത്തിന് അനുമതി തേടിയിട്ടുണ്ട്.
ഇതു കൂടാതെ തൃപ്തി ദേശായി അടക്കമുള്ള വനിതാവകാശ പ്രവർത്തകരും ശബരിമലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി വിധി നിലനിൽക്കുന്പോൾ സംരക്ഷണ ആവശ്യപ്പെടുന്നവർക്ക് അതു നൽകാൻ പോലീസിനു ബാധ്യതയുണ്ട്. സർക്കാർ നാളെ സർവകക്ഷി യോഗത്തിലും ഇതുതന്നെയാകും വ്യക്താക്കുന്നത്.
അഞ്ചുദിവസം നട തുറന്ന തുലാംമാസത്തിലും രണ്ടുദിവസം മാത്രം നട തുറന്ന ചിത്തിര ആട്ടവിശേഷത്തിലും സർക്കാർ അനുഭവിച്ച തലവേദന കുറച്ചൊന്നുമായിരുന്നില്ല. ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയെന്നവകാശപ്പെട്ടപ്പോഴും രണ്ടുതവണയും പ്രതിഷേധക്കാരുടെ മുന്പിൽ പോലീസിനു കീഴടങ്ങേണ്ടിവന്നു.
മണ്ഡല, മകരവിളക്കുകാലം 64 ദിനങ്ങൾ നീളുന്നതാണ്. 16നു തുറക്കുന്ന നട ഡിസംബർ 27നു മണ്ഡലപൂജ കഴിഞ്ഞാണ് അടയ്ക്കുന്നത്. ഡിസംബർ 30നു മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ഏറ്റവുമധികം തിരക്കുണ്ടാകുന്ന നാളുകളാണ് മണ്ഡല, മകരവിളക്ക് കാലം.
സാധാരണഗതിയിൽ തീർഥാടകരെ നിയന്ത്രിക്കുക പോലീസിനു ബുദ്ധിമുട്ടാണ്. ഇതിനിടെയിലാണ് സുരക്ഷാ പ്രശ്നങ്ങളും തലവേദനയായി മാറുന്നത്.വൻസുരക്ഷാ സന്നാഹങ്ങളാണ് ശബരിമലയ്ക്കായി ഒരുങ്ങുന്നത്. എന്നാൽ പോലീസിന്റെ നിർദേശങ്ങൾ പലതും ഇതിനോടകം വിമർശനവിധേയമായി കഴിഞ്ഞു.
നാളെ നടക്കുന്ന സർവകക്ഷിയോഗത്തിൽ സർക്കാർ ഇക്കാര്യങ്ങൾ വിശദീകരിച്ചേക്കും. അഞ്ചുഘട്ടങ്ങളിലായി 20000 പോലീസിനെയെങ്കിലും ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ആട്ടവിശേഷത്തിനു മാത്രം 2800 പോലീസിനെ നിയോഗിച്ചിരുന്നു.