ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം റിപ്പോർട്ട് ചെയ്യുന്നതിന് യുവതികളായ മാധ്യമപ്രവർത്തകരെ അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ ശബരിമല കർമ സമിതിയാണ് പത്രങ്ങളുടെയും ചാനലുകളുടെയും എഡിറ്റർമാർക്ക് കത്തയച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്, ഹിന്ദു ഐക്യവോദി എന്നിവരുൾപ്പെട്ടതാണു കൂട്ടായ്മ.
യുവതികളായ മാധ്യമപ്രവർത്തകളെ ശബരിമലയിലേക്ക് അയച്ചാൽ സ്ഥിതിഗതികൾ വഷളാകുമെന്നാണ് ഞായറാഴ്ച അയച്ച കത്തിലെ മുന്നറിയിപ്പ്. വിശ്വാസികളെ പിന്തുണയ്ക്കുന്നതും എതിർക്കുന്നതും മാധ്യമങ്ങളുടെ അവകാശമാണെന്നും ശബരിമല വിഷയത്തിൽ മാധ്യമങ്ങൾ ഒരു നിലപാടും സ്വീകരിക്കില്ലെന്നാണു കരുതുന്നതെന്നും കത്തിൽ പറയുന്നു.
ചിത്തിര ആട്ട വിശേഷത്തിന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകൾ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് പത്തിന് നട അടയ്ക്കും. പിന്നെ മണ്ഡലകാല പൂജകൾക്ക് വേണ്ടി നവംബർ പതിനാറിനാണ് നട തുറക്കുക.
സന്നിധാനത്ത് സംഘർഷ സാധ്യതയെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ അണിനിരത്തി ആർഎസ്എസും ബിജെപിയും പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനെ നേരിടാൻ ആവശ്യമെങ്കിൽ വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിക്കാനാണു പോലീസിന്റെ തീരുമാനം. 50 വയസ് കഴിഞ്ഞ 32 വനിത പോലീസ് ഉദ്യോഗസ്ഥരോടു തയാറായി നിൽക്കാനും നിർദേശം നൽകിയിട്ടുണ്ട്.