തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിക്കു ശബരിമല വിഷയം പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നുവെന്നു സമ്മതിച്ച് ഇടതുമുന്നണി. വിശ്വാസികള്‍ക്ക് എൽഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ പറഞ്ഞു. വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ഭരണഘടനാപരമായി ബാധ്യതയുണ്ടെങ്കിലും ഇക്കാര്യം വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. സ്ത്രീകളെ ഏതുവിധേനേയും ശബരിമലയിൽ കയറ്റുകയെന്നതു സർക്കാരിന്റെ പിടിവാശിപോലെ വിശ്വാസികൾക്കു തോന്നി. ആ തോന്നലിന് ആക്കം കൂട്ടുന്നതായിരുന്നു വനിതാ മതിലിനു ശേഷം രണ്ടു സ്ത്രീകളെ പോലീസ് സംരക്ഷണത്തിൽ ശബരിമലയിൽ പ്രവേശിപ്പിച്ച നടപടി.
ഇക്കാര്യത്തിൽ ബോധപൂർവമല്ലെങ്കിലും സർക്കാരിനു വലിയ പിഴവാണു സംഭവിച്ചതെന്നും അകന്നുപോയ വിശ്വാസി സമൂഹത്തെ എത്രയും വേഗം തിരിച്ചുകൊണ്ടുവരാൻ ബദൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കണമെന്നും ഇടതുമുന്നണി യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളുടെയും നേതാക്കൾക്കും ശബരിമല വിഷയത്തിൽ ഒരേ അഭിപ്രായമായിരുന്നു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നു സിപിഎം ഇതുവരെയും തുറന്നുസമ്മതിച്ചിരുന്നില്ലെങ്കിലും ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ശബരിമല തോൽവിക്കു കാരണമായെന്നു സമ്മതിക്കേണ്ടി വന്നു. തോൽവി അപ്രതീക്ഷിതമായിരുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥികൾക്കു ലഭിച്ച ഭൂരിപക്ഷം ആഴത്തിൽ വിലയിരുത്തേണ്ടതാണെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരം ഉണ്ടായില്ല. പകരം കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ മോദി വിരുദ്ധ വികാരം ശക്തമായിരുന്നു. രാഹുൽഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുന്നുവെന്ന തോന്നലും ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. മോദിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്നതിൽ ഇടതുമുന്നണിയും വിജയിച്ചു. എന്നാൽ ഇതു ഗുണമായതു യുഡിഎഫിനാണെന്നും കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പറഞ്ഞു.
തിരുവനന്തപുരത്തു ഇടതുമുന്നണി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേയ്ക്കു പോയതിനു പിന്നിൽ ഇടതു വോട്ടുകൾ ചോർന്നതാണു പ്രധാന കാരണമെന്നായിരുന്നു സിപിഐ നേതാക്കൾ വ്യകതമാക്കിയത്.