ശബരിമല: മലമുകളില്‍ തെളിയുന്ന മകരജ്യോതിയുടെ പുണ്യദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ദിവസങ്ങളായി കാത്തിരിക്കുന്ന ഭക്തസഹസ്രങ്ങള്‍ക്കു മുമ്പില്‍ ആ പുണ്യനിമിഷം എത്തുന്നത് ഇന്നു വൈകുന്നേരം 6.30 നുശേഷം. ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി മഹാദീപാരാധന നടക്കുന്പോള് പൊന്നന്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ആകാശത്തെ സംക്രമനക്ഷത്രവും കണ്ട് ദീപാരാധനയുടെ പുണ്യവും പേറി അയ്യപ്പഭക്തര്‍ മലയിറങ്ങും.
തിരക്ക് നിയന്ത്രണത്തിനും അയ്യപ്പഭക്തരുടെ മടക്കയാത്രയ്ക്കുമായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 11 വരെയുള്ള കണക്കില്‍ 80,845 തീര്‍ഥാടകര്‍ ഒരു ദിവസം മലകയറിയിട്ടുണ്ട്. ഇതിനു മുമ്പുള്ള ദിവസങ്ങളില്‍ ദര്ശനത്തിനെത്തിയവരില് നല്ലൊരു പങ്കും മടങ്ങിയിട്ടില്ല. ഇന്നു നിയന്ത്രണ വിധേയമായാണ് മലകയറ്റം. മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ തമ്പടിക്കുന്ന വ്യൂ പോയിന്റുകളായ ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.
ഇന്നു രാവിലെ 8.55ന് മകരസംക്രമ പൂജ നടന്നു. സംക്രമപൂജയ്ക്കുശേഷം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍വശം എത്തിച്ചിട്ടുള്ള നെയ്യ് ഉപയോഗിച്ച് ആദ്യ അഭിഷേകം നടന്നു. തിരുവാഭരണങ്ങളും വഹിച്ച് പന്തളത്തുനിന്നു പുറപ്പെട്ട ഘോഷയാത്ര ഇന്നു വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തും. അവിടെ ആചാരപരമായ വരവേല്പ് നല്കി സന്നിധാനത്തേക്ക് ആനയിക്കും.
കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ സ്വീകരിക്കും. തുടർന്നു തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. പിന്നീട് നട അടച്ച് തിരുവാഭരണങ്ങള്‍ ചാര്‍ത്തും. 6.30 ഓടെ നട തുറന്ന് മഹാദീപാരാധന. ഇതേ സമയമാണ് പൊന്നന്പലമേട്ടില്‍ മകരജ്യോതി തെളിയുക. മകരവിളക്കിനു മുന്നോടിയായി ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി. 19നു രാത്രി വരെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. 20നു രാവിലെ നട അടയ്ക്കും.