ശബരിമല: മകരവിളക്കിനു നട തുറന്നതോടെ ശബരിമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ഇന്നു രാവിലെ നട തുറക്കുന്പോൾ ദർശനത്തിനെത്തിയവരുടെ നീണ്ട നിര സന്നിധാനത്തു ദൃശ്യമായിരുന്നു. തിരക്ക് വർധിച്ചതോടെ സുരക്ഷയും കൂടുതൽ കർശനമാക്കി. ഇരുമുടിക്കെട്ടില്ലാതെ ർശനത്തിന് എത്തുന്നവരെയും മെറ്റൽ ഡിറ്റക്ടർ വഴിയാണ് കടത്തിവിടുന്നത്. ഇതിനു വേണ്ടി മാളികപ്പുറത്ത് പ്രത്യേക സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
മകരവിളക്കു കാലത്ത് കൂടുതൽ യുവതികളെത്തിയേക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. സംഘർഷം ഒഴിവാക്കാൻ യുവതികളുടെ മലകയറ്റം ഒഴിവാക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം എത്തിയ തീർഥാടകസംഘങ്ങളിലെ രണ്ട് ഇതര സംസ്ഥാനക്കാരായ യുവതികളെ പന്പയിൽ നിന്നു തിരിച്ചയച്ചു. കർണാടകയിൽ നിന്നുള്ള 30 കാരിയെയും വിശാഖപട്ടണത്തുനിന്നെത്തിയ ഒരു സ്ത്രീയെയുമാണ് പോലീസ് പിന്തിരിപ്പിച്ചത്.
സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നൽകിയ ഉപദേശം സ്വീകരിച്ച് ഇവർ പിൻവാങ്ങുകയായിരുന്നു. വിശാഖപട്ടണത്തുനിന്നെത്തിയ സ്ത്രീക്ക് 50 വയസുണ്ടെന്ന് അവർ വാദിച്ചെങ്കിലും പ്രതിഷേധം ഉണ്ടാകുമെന്നായിരുന്നു പോലീസിന്റെ നിലപാട്. ബന്ധുക്കൾക്കൊപ്പം എത്തിയ ഇവർ പന്പയിൽ ദർശനം നടത്തി മടങ്ങി.
മകരവിളക്ക് കാലത്തെ സംഘർഷാവസ്ഥ ഒഴിവാക്കാൻ യുവതികളുടെ വരവ് തടയുന്നതിലേക്ക് നിലയ്ക്കൽ മുതൽ പോലീസ് പരിശോധനകൾ കർശനമാക്കി. കെഎസ്ആർടിസി ബസുകളിലടക്കം പരിശോധന നടത്തുന്നുണ്ട്. പുല്ലുമേട് വഴിയുള്ള യാത്രയിലും പരിശോധനകൾ കർശനമാക്കി.