കോഴിക്കോട്: ശബരിമലയില്‍ വീണ്ടും യുവതിപ്രവേശത്തിനൊരുങ്ങി “നവോത്ഥാന കേരളം ശബരിമലയിലേക്ക്’ കൂട്ടായ്മ. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ യുവതികളെ സന്നിധാനത്തെത്തിക്കാനാണ് നീക്കമെന്ന് കൂട്ടായ്മയിലുള്ള കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നുള്ള നാലു യുവതികള്‍ പോലീസിനെ ആശ്രയിച്ചു ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അനുകൂല സാഹചര്യത്തില്‍ മലകയറുമെന്നുമാണ് പറയുന്നത്. മകരവിളക്കിന് ശേഷമുള്ള ദിവസങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്. ജനുവരിയില്‍ ശബരിമല തീര്‍ത്ഥാടനം ആഗ്രഹിക്കുന്ന യുവതികള്‍ ബന്ധപ്പെടമെന്നറിയിച്ചുകൊണ്ട് കൂട്ടായ്മ ഫേസ്ബുക്കിലും അറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവതികള്‍ മലകയറാന്‍ തയാറായെത്തിയത്.
അതേസമയം യുവതിപ്രവേശവുമായി ബന്ധപ്പെട്ട് പോലീസിന്റെ നിലപാടിനേയും കൂട്ടായ്മ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാറിന്റെ ബ്രാഹ്മണിക്കല്‍ സേവയെ തൃപ്തിപ്പെടുത്തുന്നതാണ് പോലീസിന്റെ നയമെന്നാണിവര് വിമര്‍ശിക്കുന്നത്. ഇത് തിരുത്താന്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടായ്മ വ്യക്തമാക്കി. മജ്ഞുവുമായി മല ചവിട്ടുന്നതിനു മുമ്പ് പോലീസ് ഒരു തെലുങ്കു യുവതിയെ ബസില്‍ നിന്നിറക്കി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയിരുന്നു. സമ്മര്‍ദ്ധം ചെലുത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.
ശബരിമലയിലെത്തുന്ന യുവതികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടാത്തവരല്ല ശബരിമലയില്‍ എത്തുന്നത്. ഇവരെ തിരിച്ചയ്ക്കുന്നതിന് പോലീസ് സമ്മര്‍ദ്ധം പ്രയോഗിക്കുകയാണ്. മേലുദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെത്തുന്നവരെ തിരിച്ചയ്ക്കുന്നതെന്നും കൂട്ടായ്മയിലുള്ളവര്‍ പറഞ്ഞു.
പോലീസിലെ ചിലര്‍ യുവതികള്‍ മലകയറുന്നതിന് എതിരാണെന്നും വിവരം ഉടന്‍ സന്നിധാനത്തെത്തിക്കുന്നുണ്ടെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബിന്ദുവിനേയും കനകദുര്‍ഗയേയും അതീവ രഹസ്യമായി പോലീസ് സന്നിധാനത്തെത്തിച്ചത്. യുവതി പ്രവേശത്തിനു ശേഷവും വീണ്ടും യുവതികള്‍ എത്തുമ്പോള്‍ അതിനെതിരേ പോലീസിന്റെ ഭാഗത്തു നിന്നും എതിര്പ്പുണ്ടാവുന്നുണ്ടെന്നാണ് കൂട്ടായ്മയിലുള്ളവരും പറയുന്നത്.