ശബരിമല: ഭക്തലക്ഷങ്ങള്ക്ക് ദര്ശന പുണ്യമേകി ശബരിമല ക്ഷേത്രത്തില് 41 നാള് നീണ്ട മണ്ഡല മഹോത്സവത്തിനുശേഷം ഇന്ന് രാത്രി നട അടയ്ക്കും. രാവിലെ 11.30 ഓടെ മണ്ഡലപൂജ ചടങ്ങുകള് പൂര്ത്തിയായി. രാത്രി 11നു നട അടയ്ക്കും.
മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്ഡ് അംഗങ്ങളായ എ. അജികുമാര്, ജി. സുന്ദരേശന് , ദേവസ്വം കമ്മീഷണര് സി.എന് . രാമന്, ദേവസ്വം സ്പെഷല് സെക്രട്ടറി എം.ജി. രാജമാണിക്യം, എഡിജിപി. എം.ആര്. അജിത്കുമാര്, എഡിഎം സൂരജ് ഷാജി, സന്നിധാനം സ്പെഷല് ഓഫീസര് കെ.എസ്. സുദര്ശന്, ദേവസ്വം ചീഫ് എന്ജിനിയര് ആര്. അജിത്ത്കുമാര് എന്നിവര് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ശബരിമലയില് ഉണ്ടായിരുന്നു.
മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള് നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും.
ജനുവരി 15നാണ് മകരവിളക്ക്. അന്നു പുലര്ച്ചെ 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്ക്കുശേഷം വൈകുന്നേരം അഞ്ചിനാണ് അന്ന് നടതുറക്കുക. തുടര്ന്ന് തിരുവാഭരണം സ്വീകരിക്കല്, തിരുവാഭരണം ചാര്ത്തി ദീപാരാധന, മകരവിളക്ക് ദര്ശനം എന്നിവ നടക്കും.
15, 16, 17, 18, 19 തീയതികളില് എഴുന്നള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്ക്കു ദര്ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളം രാജ പ്രതിനിധിയുടെ ദര്ശനത്തിനുശേഷം നട അടയ്ക്കും.