പത്തനംതിട്ട: മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേള്‍ശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ നാളെ രാത്രി സന്നിധാനത്തു നടക്കും. ശബരിമല ക്ഷേത്രം മേല്‍ശാന്തിയായി മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി പി.ജി. മുരളി നമ്പൂതിരിയുമാണ് ചുമതലയേല്‍ക്കുന്നത്.
നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ഒരുവര്‍ഷത്തെ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി മലയിറങ്ങും. പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജകള്‍ നടത്തിവരികയായിരുന്നു.
മണ്ഡല വ്രതാരംഭമായ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുക. ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി പത്തിന് നട അടയ്ക്കും.
മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ടു നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ച് ജനുവരി 20നു നട അടയ്ക്കും.
തീര്‍ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍
ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജരായി ജില്ലാ ഭരണകൂടം.
ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, മോട്ടോര്‍ വാഹനവകുപ്പ്, കെഎസ്ആര്‍ടിസി, ഫയര്‍ഫോഴ്സ് തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അവശ്യവസ്തുക്കളുടെ വിലനിലവാരപട്ടിക ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു.
ഇവ തീര്‍ഥാടകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. വിപണിയില്‍ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നാല് സ്ക്വാഡുകള്‍ ശബരിമലയില്‍ തയ്യാറാണ്. മുദ്ര പതിക്കാത്ത അളവുപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.
പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാര്‍ഡിയോളജി സെന്ററുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ജീവനക്കാരും ടൈഫോയിഡ് വാക്സിനേഷന് കാര്‍ഡും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമായും കയ്യില്‍ കരുതണം.
സര്‍ക്കാര്‍ കാന്റീനുകളും സ്ഥാപനങ്ങളും അടക്കമുള്ള ഇടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. പുകയില നിരോധിത മേഖലയായ ശബരിമലയില്‍ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കും.
എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള ക്രമീകരണങ്ങളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കി കെഎസ്ആര്‍ടിസിയും പത്തനംതിട്ടയിലേക്ക് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ സന്നദ്ധരായി കഴിഞ്ഞു.
ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിശ്ചയിച്ചു
പത്തനംതിട്ട ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണസാധനങ്ങളുടെ നിലവാരം നിശ്ചയിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി.
അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ ജ്യൂസുകള്‍ എന്നിവയുടെ വിലനിലവാരം നിശ്ചയിച്ചത്.
തീര്‍ഥാടനപാതയിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ കാണത്തക്ക സ്ഥലത്ത് വ്യക്തമായി വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം.നിശ്ചയിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല.
നിശ്ചിത വിലയിലും നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുള്ള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നതെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും.
സംസ്ഥാന പോലീസ് മേധാവി പമ്പയില്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പയിലെത്തി. രാവിലെ നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ മാര്‍ഗമെത്തിയ ഡിജിപി അവിടെ ക്രമീകരണങ്ങള്‍ പരിശോധിച്ചു. പമ്പയില്‍ സുരക്ഷയെ സംബന്ധിച്ച വിഷയങ്ങളില്‍ ചര്ച്ചന നടത്തി.
ക്രമസമാധാന വിഭാഗം എഡിജിപി എം. ആര്. അജിത്ത് കുമാര്‍, ദക്ഷിണമേഖലാ ഐജി ജി. സ്പര്‍ജന്‍ കുമാര്‍, പോലീസ് ആസ്ഥാനത്തെ ഐജി നീരജ് കുമാര്‍ ഗുപ്ത, തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനി എന്നിവരും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലാ പോലീസ് മേധാവിമാരും ഡിജിപിക്കൊപ്പമുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ സ്പെഷല്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍മാരും പമ്പയിലെത്തിയിട്ടുണ്ട്.
സംസ്ഥാന ഫയര്‍ഫോഴ്സ് തലവന്‍ ഡിജിപി കെ. പത്മകുമാറും പമ്പയിലെത്തി അഗ്്നിസുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കി കെഎസ്ആര്‍ടിസി
പത്തനംതിട്ട:പമ്പയില്‍ നിന്നും നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഇവയ്ക്കുള്ള ടിക്കറ്റുകള്‍ ബസില്‍ തന്നെ ലഭിക്കും. ത്രിവേണി ജംഗ്്ഷനില്‍ നിന്നും ചെയിന്‍ സര്‍വീസുകള്‍ നടത്തും.
പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കും. തീര്‍ഥാടകര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസുകളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ലഭ്യമാണ്. ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പ് ബസ് സ്റ്റേഷനിലേക്ക് സൗജന്യ സര്‍വീസും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിലയ്ക്കല്‍ ബസ് സ്റ്റേഷനിലേക്ക് പത്ത് രൂപാ നിരക്കില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ത്രിവേണി ജംങ്ഷനില്‍ നിന്നും നിലയ്ക്കല്‍ ബസ് സ്റ്റേഷനിലേക്കുള്ള റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് അനുവദിക്കുക.
ഭക്ഷ്യസുരക്ഷ: ടോള്‍ഫ്രീ നമ്പര്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലും, 8592999666 എന്ന നമ്പറിലും അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.