ശബരിമല: 41 നാള് നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് വൈകുന്നേരം ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം തുറക്കും.
ഇരുമുടിക്കെട്ടുമായി അയ്യപ്പഭക്തര്‍ നിലയ്ക്കലും പമ്പയിലും എത്തിത്തുടങ്ങി. ഉച്ചകഴിയുന്നതോടെ അയ്യപ്പഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങും. ഇനിയുള്ള രണ്ടുമാസം ശബരിമല തീര്‍ഥാടനകാലം.
വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നട തുറക്കും. നിലവിലെ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരിയുടെ ബന്ധുവിന്റെ മരണകാരണം പുല ആയതിനാലാണ് തന്ത്രി നട തുറക്കേണ്ടി വരുന്നത്. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ക്കും തന്ത്രി കാര്മികാനകും.
മൂവാറ്റുപുഴ ഏനാനല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പി.എന്‍. മഹേഷ് നന്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും ഗുരുവായൂര്‍ അഞ്ഞൂര് പൂങ്ങാട്ട്മന പി.ജി. മുരളി നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അവരോധിക്കും.
നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായിരുന്ന ജയരാമന് നന്പൂതിരിയും ഹരിഹരന് നന്പൂതിരിയും ഒരുവര്‍ഷത്തെ പൂജകള്‍ പൂര്‍്ത്തിയാക്കി ഇന്നു രാത്രി മലയിറങ്ങേണ്ടതാണ്..
പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജകള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ ജയരാമന് നമ്പൂതിരി പുല കാരണം നട അടയ്ക്കാനും പതിനെട്ടാംപടി തിരികെ ഇറങ്ങാനും ഉണ്ടാകില്ല.
മണ്ഡല വ്രതാരംഭമായ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുക. നാളെ പുലര്‍ച്ചെ നാലിന് നട തുറന്ന് മണ്ഡലകാല പൂജകള്‍ തുടങ്ങും. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നാളെ മുതല്‍ ഉണ്ടാകും.
ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി പത്തിന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30നു വൈകുന്നേരം നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ച് ജനുവരി 20നു നട അടയ്ക്കും.