റാന്നി: എന്‍ഡിഎയ്ക്ക് 8614 വോട്ടുകളുടെ കുറവുണ്ടായ റാന്നി മണ്ഡലത്തില്‍ പൊട്ടിത്തെറിക്കു സാധ്യത.ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാര്‍ രണ്ടാമതും ജനവിധി തേടിയ റാന്നി മണ്ഡലത്തിലാണ് ബിജെപി വോട്ടുകള്‍ വന്‍തോതില്‍ നഷ്ടമായത്.
ശബരിമല വിഷയം പ്രധാന പ്രചാരണ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎയ്്ക്ക് ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തിലുണ്ടായ വോട്ടുനഷ്ടത്തിന്റെ കണക്കെടുപ്പ് രാഷ്ട്രീയമായി ഏറെ പ്രത്യാഘാതമുണ്ടാക്കും. പോള്‍ ചെയ്തതിന്റെ 15.33 ശതമാനം വോട്ടുകൊണ്ട് റാന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു തൃപ്തിപ്പെടേണ്ടിവന്നു.
2016ല്‍ ഇതേ സ്ഥാനാര്‍ഥി 28,201 വോട്ട് (21.06 ശതമാനം) നേടിയ മണ്ഡലത്തില്‍ ഇത്തവണ ആകെ ലഭിച്ചത് 19,587 വോട്ടുകളാണ്. റാന്നിയില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണന്റെ ഭൂരിപക്ഷം 1285 വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 41.22 ശതമാനമാണ് ഇത്തവണ എല്‍ഡിഎഫിനു മണ്ഡലത്തില്‍ ലഭിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന് 40.21 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കി. എല്‍ഡിഎഫിന് 2016ല്‍ 58,749 വോട്ടുകള്‍ (43.87 ശതമാനം) ലഭിച്ച മണ്ഡലമാണ് റാന്നി. അത് ഇത്തവണ 52,669 വോട്ടുകളായി കുറഞ്ഞു. കോണ്‍ഗ്രസിന് ഇത്തവണ 51,384 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ തവണ ഇത് 44,153 വോട്ടുകള്‍ (32.97 ശതമാനം) മാത്രമായിരുന്നു.ശബരിമല പ്രധാന പ്രചാരണ വിഷയമാക്കി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ലോക്സഭയിലേക്കു മത്സരിച്ച 2019ല്‍ റാന്നി മണ്ഡലത്തില്‍ 39,560 വോട്ടുകള്‍ നേടിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി മെച്ചപ്പെട്ട പ്രകടനം നടത്തിയ മണ്ഡലമാണ് റാന്നി. മണ്ഡലത്തിലുള്‍പ്പടെ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് ബിജെപി ഭരണത്തിലാണ്.കോട്ടാങ്ങല്‍, കൊറ്റനാട്, പെരുനാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ പ്രധാന പ്രതിപക്ഷവും ബിജെപിയാണ്.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബിജെപിക്ക് ജനപ്രതിനിധികളുമുണ്ട്. റാന്നി ഗ്രാമപഞ്ചായത്തിലാകട്ടെ എല്‍ഡിഎഫിനെ ഭരണത്തിലെത്താന്‍ ബിജെപി സഹായിക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപി അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടി വന്നുവെങ്കിലും ധാരണ സംബന്ധിച്ച രേഖകള്‍ പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു.