ചെന്നൈ: ശബരിമല ദര്‍ശനത്തിനായി തമിഴ്നാട്ടില്‍ നിന്ന് വനിതാ സംഘമെത്തുന്നു. മനിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരായ അമ്പതോളം യുവതികളടങ്ങുന്ന സംഘം ഞായറാഴ്ച കോട്ടയത്തെത്തും. ശനയാഴ്ച വൈകുന്നേരമാണ് സംഘം തമിഴ്നാട്ടിൽനിന്നും യാത്രതിരിക്കുകയെന്ന് മനിതി കോഓര്‍ഡിനേറ്റര്‍ സെല്‍വി അറിയിച്ചു.
സംഘത്തിന്റെ വരവിനെക്കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എസ്.ഹരിശങ്കര്‍ പറഞ്ഞു. സംഘത്തിന്റെ വരവ് കണക്കിലെടുത്ത് ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ഇവരെത്തുമ്പോള്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്നാണ് നടപടി.
എവിടെനിന്നാണ് യാത്ര തുടങ്ങുക, ഏതുമാര്‍ഗമാണ് എത്തുക തുടങ്ങിയവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് സംഘം പറഞ്ഞിട്ടുള്ളത്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതി.
ചെന്നൈയില്‍നിന്ന് 12 വനിതകളും മധുരയില്‍നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍നിന്നും ഒഡിഷയില്‍നിന്നും അഞ്ചുപേര്‍ വീതവും കേരളത്തില്‍നിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്ന് സെല്‍വി പറഞ്ഞു. കേരളത്തില്‍ ഒരുസ്ഥലത്ത് തങ്ങള്‍ ഒത്തുചേരുമെന്നും അവിടെനിന്ന് പമ്പയിലേക്ക് പോകും. കേരളത്തില്‍നിന്ന് ഒരുസംഘം പുരുഷന്മാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് സെല്‍വി അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡറുകളും സംഘത്തിലുണ്ടെന്നാണ് വിവരം. പമ്പയിലെത്തി മാലയിട്ട് ശബരിമലയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. ശബരിമലയില്‍ പോകാനായി യുവതികള്‍ എത്തിയാല്‍ വിവിധ ഹിന്ദുസംഘടനകളുടെ വനിതാ പ്രതിനിധികള്‍ തടയുമെന്ന് ശബരിമല കര്‍മസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ ബി.ശശികുമാര്‍ പറഞ്ഞു.