പത്തനംതിട്ട: വേഷം മാറിയല്ല ശബരിമലയിൽ പോയതെന്ന് കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവ് എസ്.പി. മഞ്ജു. ശബരിമല ദർശനം നടത്തിയെന്ന് അവകാശപ്പെട്ട് മഞ്ജു പുറത്തുവിട്ട ചിത്രത്തിൽ മുടിനരച്ചതായി കാണപ്പെട്ടതു സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അവർ.
വേഷപ്രഛന്നയായല്ല താൻ പോയതെന്നും മുടിയിൽ ഭസ്മമാണ് ഉണ്ടായിരുന്നതെന്നും മഞ്ജു പറഞ്ഞു. സന്നിധാനത്തെത്തിയ താൻ നെയ്യഭിഷേകം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തി. അയ്യപ്പ സേവാ സംഘമാണ് തന്നെ സഹായിച്ചതെന്നും മഞ്ജു അറിയിച്ചു.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശബരിമല ദർശനം നടത്തിയ വിവരം മഞ്ജു പങ്കുവച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അയ്യപ്പ ദർശനം നടത്തിയതായി മഞ്ജു അവകാശപ്പെട്ടു. ശബരിമല സന്നിധാനത്ത് നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ഇവർ പുറത്തുവിട്ടു. പതിനെട്ടാം പടിയിലൂടെ തന്നെയാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും മഞ്ജു അറിയിച്ചു.
വേഷപ്രച്ഛന്നയായിട്ടാണു മഞ്ജു സന്നിധാനത്തെത്തിയതെന്നു ഇവർ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. പ്രായം ചെന്ന സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിക്കാൻ തലമുടി നരപ്പിച്ചിരുന്നു. അതോടൊപ്പം വലിയ വട്ടക്കണ്ണട വയ്ക്കുകയും ചെയ്തു. വലിയ നടപ്പന്തലിനു സമീപമുള്ള ഫ്ളൈ ഓവറിനുമുകളിൽ നിൽക്കുന്നതിന്റെയും മാളികപ്പുറത്തേക്കുള്ള വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരിക്കുന്നത്.