ചാത്തന്നൂർ: ശബരിമല കയറാനെത്തിയ കേരളാ ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി.മഞ്ജുവിന്റെ ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് ക്ഷേത്രത്തിനടുത്തുള്ള വീടിന് നേരേ ഒരു സംഘം ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.
വീട് ഇനിയും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടിന്റെ ജനാല ചില്ലുകളും വീട്ടു സാധനങ്ങളും ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. മഞ്ചു പമ്പയിലെത്തിയ വിവരം പുറത്തറിഞ്ഞ ഉടനായിരുന്നു ആക്രമണം. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു കല്ലേറ്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല . മഞ്ചുവിന്റെ സ്വന്തം വീട് പുനർനിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കയാണ്.
ഇതിനടുത്ത് തന്നെ മറ്റൊരു വീട്ടിലാണ് മഞ്ചു താമസം. ആ വീട്ടിന് നേരെ യായിരുന്നു കല്ലേറ്. ഇതൊടൊപ്പം പട്ടികജാതി മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇവരുടെ ഇടനാട് മലയാറ്റൂർകോണത്തുള്ള കുടുംബവീട്ടിലേക്ക് മാർച്ച് നടത്തി. കുടുംബവീടായ ബിജു ഭവനിലേക് മാർച്ച് നടന്നത്.
കൊട്ടിയം സിഐ അജയ് നാഥ്, ചാത്തന്നൂർ എസ് ഐ സരിൻ എന്നി വ രു ടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് വഴിയിൽ തടഞ്ഞു. തുടർന്ന് ചേർന്ന യോഗം പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി.എം.വേലായുധൻ ഉദ്ഘാടനം ചെയ്തു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭക്തകൾ എന്ന നിലയിൽ സാമൂഹിക വിരുദ്ധരെയും ആക്ടിവിസ്റ്റുകളെയും കൂലിക്കെടുത്താണ് സിപിഎം ശബരിമലയിലേക്ക് അയയ്ക്കുന്നത്. ഇതിനെ ചെറുക്കാൻ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ആർഎസ്എസ് നേതാക്കളായ ബി.ഐ. ശ്രീനാഗേഷ്, ജില്ലാ കാര്യവാഹ് പ്രശാന്ത്, മീനാട് ഉണ്ണി, സുനിൽകുമാർ, എസ്.പ്രശാന്ത്, അനിൽ പൂയപ്പള്ളി, ഉണ്ണി കളിയാക്കുളം എന്നിവർ നേതൃത്വം നൽകി. മഞ്ചുവിന്റെ വീടുകൾക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചാത്തന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് ഇവർ ശബരിമലയിലേക് പോകുന്നതിനായി ഇടനാട്ടുള്ള കുടുംബ വീട്ടിൽ നിന്നും യാത്രതിരിച്ചത്. കുടുംബത്തിലെ മുഴുവൻ പേരും അയ്യപ്പഭക്തരാണെന്നും അതിനാലാണ് മലക്ക് പോകാൻ മഞ്ചു തയ്യാറായതെന്നും മാതാവ് പറഞ്ഞു.