ഇടുക്കി: കട്ടപ്പനയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് വീടിന് മുകളിലേക്ക് പതിച്ച് ബസിലുണ്ടായിരുന്ന കുട്ടികളടക്കം 16 പേര്‍ക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട് ദിണ്ഡുക്കല് വീരാളിപ്പെട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ 3.45 ന് കട്ടപ്പന പാറക്കടവ് ബൈപാസ് റോഡിലാണ് അപകടം.
കുത്തിറക്കത്തോടുകൂടിയ കൊടുംവളവില്‍ നിയന്ത്രണം നഷ്ടമായ മിനിബസ് സമീപത്തെ കാപ്പാട്ട് ഷെഫീഖിന്റെ വീടിന്റെ കാര്‍പോര്‍ച്ചിന് മുകളിലേക്കാണ് പതിച്ചത്.
വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അപകടമാണെന്ന് മനസിലായതെന്ന് ഷെഫീഖ് പറഞ്ഞു. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ ഗുരുനാഥന് (55) എന്നയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രംഗദുരെ (28), വെങ്കിടേഷ് (48), രഘുരാജ , മനോഹരന് (50), പ്രഭു (35), ശേഖര്‍ (48), ഗുരുനാഥന് (55), പാണ്ടി ചന്ദ്ര (12), സിദ്ധാര്‍ത്ഥ് (10), ജഗദീഷ് (45), ഹന്‍സിക (11), തിരുപ്പതി (40), അദര്ശന (7), ഗോകുല്‍ (16), ദുരെരാജ് (65), രാമരാജ് (47) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.
2016 ലും സമാനരീതിയില്‍ അയ്യപ്പഭക്തരുടെ വാഹനം ഇതേ വീടിന് മുകളിലേക്ക് മറിഞ്ഞിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ഇത്തരത്തില്‍ അപകടം ഉണ്ടാകാന്‍ കാരണമെന്നാണ് ആക്ഷേപം.
സമീപ സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍നിന്നു കട്ടപ്പന വഴിയാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്.
പാറക്കടവ് ബൈപാസ് റോഡിലൂടെ അമിത വേഗത്തിലാണ് തീര്‍ഥാടക വാഹനങ്ങള്‍ കടന്നുപോകുന്നത്. വേഗത നിയന്ത്രിക്കാന്‍ പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ പരിശോധന ഈ പാതയില്‍ വളരെ വിരളമാണ്.