തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീകൾക്ക് പ്രത്യേക കുളക്കടവും ശൗചാലയങ്ങളും ഒരുക്കും. പന്പയിൽനിന്ന് സന്നിധാനത്തേയ്ക്കുള്ള വഴിയിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഒരുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലയ്ക്കലിൽ വിരിവയ്ക്കുന്നതിനുള്ള സൗകര്യം വർധിപ്പിക്കും. ശബരിമലയിലേക്കുള്ള ബസുകളിൽ സ്ത്രീകൾക്ക് 25 ശതമാനം സീറ്റുകൾ സംവരണം ചെയ്യും. വനംവകുപ്പിനോട് കൂടുതൽ സ്ഥലം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് വനിതാ പോലീസിനെയും നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ വനിതാ പോലീസുകാരെ എത്തിക്കും. പതിനെട്ടാം പടിയിൽ ആവശ്യമെങ്കിൽ വനിതാ പോലീസുകാരെ നിയോഗിക്കുമെന്നും ക്യൂവിൽ നിൽകാൻ തയാറുള്ള ഭക്തർ മാത്രം ദർശനത്തിന് വന്നാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.