ശബരിമല: ഒറ്റത്തിരിഞ്ഞും തുടർച്ചയായും പെയ്യുന്ന മഴയ്ക്കിടയിലും ശബരിമലയിലേക്കെത്തുന്ന തീർഥാടകരുടെ തിരക്കിൽ കുറവില്ല. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ പുലർച്ചെ മുതൽ സന്നിധാനത്തേക്ക് വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെടുന്നത്.
രാവിലെ മുതലെ ഒറ്റത്തിരിഞ്ഞ് മഴ പെയ്യുന്നുണ്ടെങ്കിലും വൈകുന്നേരം നാലോടെ ശക്തമായ മഴ ആരംഭിക്കുകയായിരുന്നു. കാനന പാതകൾ ചെളി നിറഞ്ഞും തെന്നിയും കിടക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് തീർഥാടകർ സന്നിധാനത്തേക്ക് എത്തുന്നത്.
സുപ്രീം കോടതി വിധിയേത്തുടർന്ന് സന്നിധാനത്തേക്ക് തുലാമാസ പൂജകൾക്കായി ക്ഷേത്രനട തുറന്നതു മുതൽ ഒറ്റത്തിരിഞ്ഞെത്തുന്ന യുവതികൾക്കെതിരെയുള്ള പ്രതിഷേധം ആദ്യദിനം മുതൽ തന്നെ ശക്തമായി തുടരുകയാണ്. ഇന്നലെ വൈകുന്നേരവും യുവതികൾ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇവരെ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ പോലീസ് തയാറായിരുന്നില്ല.
കേരളത്തിനു പുറത്തുനിന്നുള്ള യുവതികളായ മാധ്യമ പ്രവർത്തകരുൾപ്പെടെയാണ് ആദ്യദിനങ്ങളിൽ സന്നിധാനത്തേക്ക് പോകാനായി എത്തിയതെങ്കിൽ, പിന്നീട് മോഡലും ഫെമിനിസ്റ്റുകളും വരെ എത്തുകയായിരുന്നു. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ആദ്യദിനത്തിൽ തന്നെ ആലപ്പുഴ സ്വദേശിനിയെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. ശബരിമലയിലേക്കുള്ള പാതയിൽ ഉൾപ്പെടെ യുവതി പ്രവേശനം തടയിടാനായി സംഘടിതമായ നീക്കങ്ങൾ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ പോലീസിനു നല്കിയിരിക്കുന്ന മുന്നറിയിപ്പ്.
പന്പയും സന്നിധാനവും സാധാരണ നിലയിലാണെന്നു തോന്നുന്ന പ്രതീതി നിലനിൽക്കുന്പോൾ യുവതികൾ ആരെങ്കിലും എത്തിയതായി പ്രചരിച്ചാൽ വലിയൊരു കൂട്ടം പ്രതിഷേധക്കാർ ഒത്തുകൂടുന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.
യുവതികൾ എത്തുന്നതായി പ്രചരിച്ചാൽ തന്നെ വളരെ വേഗത്തിൽ പ്രക്ഷുബ്ദമാകുന്ന രംഗങ്ങളാണ് സന്നിധാനത്തും പരിസരത്തും കണ്ടുവരുന്നത്.
മഴയും മോശം കാലാവസ്ഥകളും പോലീസിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. യുവതികളെ ഏതെങ്കിലും വിധേനെ സന്നിധാനം നടപ്പന്തൽ വരെയെത്തിച്ചാലും പതിനെട്ടാംപടി കയറി സന്നിധാനത്തേക്ക് എത്തിക്കുക ഏറെ ദുഷ്കരമാണ്. ബലപ്രയോഗത്തിനു പറ്റിയ സാഹചര്യമല്ല ശബരിമലയിൽ നിലവിലുള്ളത്. പോലീസ് ബലപ്രയോഗത്തിനു മുതിർന്നാൽ വലിയ ദുരന്തത്തിന് അത് കാരണമായി തീരുകയും ചെയ്യും. നിലവിൽ സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാൻ മാത്രമാണ് പോലീസിന്റെ വലിയ ശ്രദ്ധ.
വിവാദങ്ങൾ ഉയരുന്നതിനിടെ ശബരിമല സന്നിധാനത്തിനു നേരെ മറ്റ് അതിക്രമങ്ങൾ ഉണ്ടാകാതിരിക്കുകയെന്നതും പോലീസിന്റെ ചുമതലയാണ്. സാധാരണ മണ്ഡല, മകരവിളക്ക് കാലങ്ങളിൽ ഇരുമുടിക്കെട്ട് വരെ പരിശോധിച്ചാണ് സന്നിധാനത്തേക്ക് തീർഥാടകരെ കയറ്റി വിടുന്നതെങ്കിലും മാസപൂജാ വേളകളിൽ ഇത് ഉണ്ടാകാറില്ല.
കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് വിശ്വാസി ചമഞ്ഞ് ഇരുമുടിക്കെട്ട് തലയിലേന്തിയെത്തിയ രഹന ഫാത്തിമ കെട്ട് നിറയ്ക്കാൻ ഉപയോഗിച്ചത് ഓറഞ്ചും പേരയ്ക്കയും ആയിരുന്നെന്ന് പോലീസ് തന്നെയാണ് കണ്ടെത്തിയത്. ഇവരെ കുറിച്ച് വ്യക്തമായ പരിശോധനകളും അന്വേഷണങ്ങളും നടത്തിയിരുന്നെങ്കിൽ വിവാദങ്ങൾ തുടക്കത്തിലേ ഒഴിവാക്കാൻ കഴിയുമായിരുന്നു.