ബിജു കുര്യൻ
പത്തനംതിട്ട: ശബരിമല ക്ഷേത്ര നട നാളെ അടയ്ക്കുമെങ്കിലും വിവാദങ്ങൾ മല ഇറങ്ങില്ല. ചരിത്ര നിമിഷങ്ങൾക്കു സാക്ഷ്യംവഹിച്ച ഒരു തീർഥാടനകാലത്തിനാണ് ഇന്നു പരിസമാപ്തിയാകുന്നത്.കഴിഞ്ഞ സെപ്റ്റംബർ 28നു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ശബരിമല വീണ്ടും ശ്രദ്ധേയമായത്. നാളുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന വിധിയാണ് കോടതിയിൽ നിന്നുണ്ടായത്.
കോടതിവിധിക്കെതിരെ ആദ്യദിനങ്ങളിൽ ആരും രംഗത്തെത്തിയില്ലെങ്കിലും വിധിയോടുള്ള വിയോജിപ്പ് പല ഭാഗങ്ങളിൽ നിന്നുണ്ടായി. പന്തളം കൊട്ടാരവും എൻഎസ്എസും 10നും 50നും മധ്യേ പ്രായമുള്ള യുവതികളുടെ ശബരിമല പ്രവേശനത്തെ ശക്തമായി എതിർത്തു രംഗത്തുവന്നതോടെ പിന്തുണയേറി. ഒക്ടോബർ രണ്ടിനു പന്തളത്തുനടന്ന സ്ത്രീകളുടെ നാമജപഘോഷയാത്ര ഒരു തുടക്കമായിരുന്നു.
സമരം ഏറ്റെടുക്കാൻ സംഘപരിവാർ സംഘടനകൾ അടക്കം രംഗത്തെത്തി. ആദ്യം മടിച്ചുനിന്ന യുഡിഎഫും പിന്നീട് സജീവമായി. തുലാമാസ പൂജയ്ക്കു നട തുറക്കുന്നതിനു മുന്പായി സമരകോലാഹലങ്ങൾ ശക്തിപ്പെട്ടിരുന്നു. നാമജപഘോഷയാത്രകളിലൂടെ ശബരിമല വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകണമെന്ന് സർക്കാരിനുമേൽ സമ്മർദം ചെലുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും യുവതീ പ്രവേശനം പുരോഗമന കാഴ്ചപ്പാടാണെന്നും എൽഡിഎഫ് സർക്കാർ നിലപാടെടുത്തു.
സമരങ്ങൾ ശക്തമായതിനു പിന്നാലെയാണ് തുലാമാസ പൂജയ്ക്കു നട തുറന്നത്. ഇതോടെ യുവതികൾ ശബരിമലയിലേക്കു പ്രവേശിക്കാൻ തയാറെടുത്ത് എത്തി. കേരളത്തിന്റെ സമാധാനാന്തരീക്ഷം ആ അഞ്ചുദിനങ്ങളിൽ തകർക്കപ്പെട്ടു. പിന്നീട് ചിത്തിര ആട്ടവിശേഷത്തിനു നട തുറന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
രണ്ടുമാസത്തിലേറെ നീണ്ടുനിന്ന മണ്ഡല, മകരവിളക്കു മഹോത്സവത്തിനാണ് ഇന്നിപ്പോൾ തിരശീല വീഴുന്നത്. നവംബർ 16നു നട തുറന്നതു മുതൽ ഓരോ ദിനവും ശബരിമല സംഘർഷഭരിതമായിരുന്നു. 2000ലധികം പോലീസുകാരാണ് ഓരോ ഘട്ടത്തിലും സുരക്ഷാ ചുമതല നിർവഹിച്ചത്. ഇതര സേനാവിഭാഗങ്ങൾ വേറെയും. രണ്ടുമാസവും നിരോധനാജ്ഞ നിലനിന്നു. മകരവിളക്ക് ദിനം കഴിഞ്ഞതോടെയാണ് നിരോധനാജ്ഞ ഒഴിവാക്കിയത്.
ആദ്യമൊക്കെ സ്ത്രീകളെ പിന്തിരിപ്പിക്കുന്ന നയമാണ് പോലീസ് സ്വീകരിച്ചത്. എന്നാൽ മണ്ഡലകാലത്തിന്റെ അവസാനം മനീതി സംഘത്തിനു സംരക്ഷണം നൽകി പന്പയിൽ എത്തിച്ചതോടെ സ്ഥിതിഗതികൾ മാറി. മനീതികളെ മല കയറ്റാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല. പിറ്റേന്നു ബിന്ദുവും കനകദുർഗയും എത്തി. പോലീസ് സംരക്ഷണയിൽ വലിയ നടപ്പന്തലിനു സമീപത്തു വരെ എത്തി. പ്രതിഷേധം കാരണം മടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ ഇവർ മലകയറാൻ സമ്മർദത്തിലായിരുന്നു.
ജനുവരി രണ്ടിന് അതു സംഭവിച്ചു. ശബരിമലയുടെ പേരിൽ ആസൂത്രണം ചെയ്ത വനിതാ മതിലിന്റെ പിറ്റേന്നു പുലർച്ചെ ബിന്ദുവും കനകദുർഗയും സന്നിധാനത്തെത്തി. ചരിത്രവിധിക്കുശേഷം ചരിത്രം സൃഷ്ടിച്ച വനിതകളായി ഇവർ. പോലീസ് സഹായത്തോടെ വേഷം മാറിയാണ് എത്തിയതെങ്കിലും തിരികെ ഇറങ്ങി ഇവർ മാധ്യമങ്ങളോടു പ്രതികരിച്ചതിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചു സ്ഥിരീകരണവുമായി. ഇതോടെ ആചാരലംഘനം നടന്നുവെന്ന പേരിൽ ശബരിമല ക്ഷേത്ര നട അടച്ചു ശുദ്ധികലശം നടത്താൻ തന്ത്രി കണ്ഠര് രാജീവര് തീരുമാനിച്ചു. ഏറെ വിവാദങ്ങളും സംഘർഷവും കേരളമാകമാനം ഉണ്ടായി. അധികം വൈകാതെ ഒരു ശ്രീലങ്കൻ യുവതി കൂടി സന്നിധാനത്തെത്തിയതായി വാർത്തകൾ. മല കയറിയതായി പറയുന്ന യുവതി മാത്രം ഇതു നിഷേധിച്ചു.
ചാത്തന്നൂർ സ്വദേശി എസ്.പി. മഞ്ജു സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ പോസ്റ്റു ചെയ്തും വിവാദമുണ്ടാക്കി. മകരവിളക്കിനുശേഷം മല കയറാനെത്തിയത് രേഷ്മയും ഷാനിലയുമാണ്. ഇവരെ നീലിമലയിൽ നിന്നു മടക്കേണ്ടിവന്നു. ഇതേവരെ 51 യുവതികൾ ശബരിമല ദർശനം നടത്തിയെന്ന സത്യവാങ്മൂലം ഇന്നലെ സുപ്രീംകോടതിയിലുമെത്തി.
വിവാദങ്ങൾ ഒഴിയുന്നില്ലെന്നതിന്റെ തെളിവായി ഇതു മാറി.
ഇതിനിടെ ദേവസ്വം ബോർഡ് അടക്കം നൽകിയിട്ടുള്ള പുനഃപരിശോധന, സാവകാശ,കോടതിയലക്ഷ്യം ഉൾപ്പെടെ ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതി പരിഗണനയിലുണ്ട്. ഇവയെല്ലാം പരിഗണിക്കുന്നത് 22ൽ നിന്നു മാറ്റിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ശബരിമല യുവതീ പ്രവേശനവിഷയം നീണ്ടിട്ടുണ്ട്.
കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയെ രാഷ്ട്രീയവിഷയമാക്കി. ഇടതു വലതു മുന്നണികളും ബിജെപിയും ശബരിമല തന്നെ കേരളത്തിലെ പ്രധാന രാഷ്ട്രീയവിഷയമാക്കി തെരഞ്ഞെടുപ്പിനൊരുങ്ങുന്പോൾ നട അടച്ചിടുന്ന കാലയളവിലും ചർച്ചകളിൽ നിഴലിക്കുന്നത് ഇതേ വിഷയം തന്നെയാകും.
നാളെ നട അടയ്ക്കും;ഫെബ്രുവരി പന്ത്രണ്ടിനാണ് ഇനി നട തുറക്കുന്നത്
പത്തനംതിട്ട: യുവതീ പ്രവേശന വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ഒരു തീർഥാടനകാലത്തിന് സമാപനമാകുന്നു.ഇന്നു രാത്രി മാളികപ്പുറത്തു നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനകാലത്തിനു സമാപനം കുറിക്കും. ഇന്നു വൈകുന്നേരത്തോടെ പന്പയിൽ നിന്നുള്ള മലകയറ്റം അവസാനിക്കും. രാത്രി പത്തിനു നട അടയ്ക്കും.
നെയ്യഭിഷേകം ഇന്നലെ രാവിലെ 10ന് സമാപിച്ചു. പതിവ് പൂജകളിൽ പങ്കെടുക്കുന്നതിനും മറ്റുമായി ആയിരക്കണക്കിന് ഭക്തർ ഇന്നലെയുമെത്തിയിരുന്നു. അഭിഷേകത്തിന് സമാപനം കുറിച്ചു നടന്ന കളഭാഭിഷേകചടങ്ങുകൾ പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാൾ രാഘവവർമയുടെ നേതൃത്വത്തിലായിരുന്നു.
ഇന്ന് കൂടി മാത്രമേ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനാകു. നാളെരാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം മേൽശാന്തി നട അടച്ച് താക്കോൽ കൈമാറും. തുടർന്ന് രാജപ്രതിനിധിയും സംഘവും തിരുവാഭരണങ്ങളുമായി മലയിറങ്ങും. ഫെബ്രുവരി 12നു വൈകുന്നേരമാണ് കുംഭമാസ പൂജയ്ക്ക് ഇനി നട തുറക്കുന്നത്.