ശബരിമല: മകരവിളക്ക് ഉത്സവത്തിനുശേഷം ശബരിമല ക്ഷേത്രനട 20ന് അടയ്ക്കും. നാളെ രാവിലെവരെ മാത്രമേ ഭക്തര്‍ക്ക് നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. അന്നേ ദിവസം കളഭപൂജയുണ്ട്. 18നുശേഷം നെയ്യഭിഷേകം ഉണ്ടായിരിക്കുന്നതല്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
19നു മറ്റു പൂജകളെല്ലാം നടക്കും. 19ന് രാത്രി നട അടച്ചശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. 20നു രാവിലെ രാജപ്രതിനിധിയ്ക്ക് മാത്രമേ പ്രത്യേക ദര്‍ശനം ഉണ്ടാകുകയുള്ളൂ. അഭിഷേകവും ഗണപതിഹോമവും ഉണ്ടാകും. തുടര്‍ന്ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ ശിരോവസ്ത്രം അണിയിച്ച് കൈയില്‍ അമ്പും വില്ലും നല്കി രാജപ്രതിനിധിയുമായി കൂടിക്കാഴ്ച ഒരുക്കും.
സന്നിധാനത്തെ ചടങ്ങുകള്‍ക്കുശേഷം രാജപ്രതിനിധി പമ്പയില്‍ എത്തി തിരുവാഭരണത്തോടൊപ്പം യാത്രതുടരും. തിരുവാഭരണ മടക്കയാത്ര 22-ന് വൈകുന്നേരം അഞ്ചിന് ആറന്മുള കൊട്ടാരത്തില്‍ എത്തും. 23-ന് പുലര്‍ച്ചെ ആറന്മുളയിൽ നിന്നും പുറപ്പെട്ട് എട്ടോടെ പന്തളം കൊട്ടാരത്തില്‍ എത്തും.
ശബരിമല: ആചാരങ്ങള്‍ പാലിച്ച് രാജപ്രതിനിധി മൂലംനാള്‍ രാഘവ വര്‍മയും പരിവാരങ്ങളും മല ചവിട്ടി അയ്യപ്പദര്‍ശനം നടത്തി. വൈകുന്നേരം ശരംകുത്തിയില്‍ എത്തിയ രാജപ്രതിനിധിയെ വാദ്യമേളം, ചങ്ങലവിളക്ക് എന്നിവയുടെ അകമ്പടിയോടെ ആനയിച്ചു. പന്തളത്തുനിന്ന് തിരുവാഭരണഘോഷയാത്രയ്ക്കൊപ്പമെത്തിയ രാജപ്രതിനിധി പന്പയിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് ആചാരപരമായ ചടങ്ങുകളോടെ ഇന്നലെയാണ് അദ്ദേഹത്തിന്റെ മലകയറ്റം നടന്നത്.
രാജപ്രതിനിധി നടപ്പന്തലിന്റെ മുന്നിലെത്തി ദേവസ്വം പ്രതിനിധിയില്‍ നിന്ന് ചുരിക സ്വീകരിച്ച് പകരം മുണ്ടും വസ്ത്രവും സമ്മാനിച്ചു. മേല്‍ശാന്തി നല്കിയ നാളികേരം ഉടച്ചതിനുശേഷം പതിനെട്ടാംപടി കയറി ചുരിക സോപാനപ്പടയില് സമര്‍പ്പിച്ചു. മേല്‍ശാന്തി ചുരിക വിഗ്രഹത്തിന്റെ വലതുഭാഗത്ത് വച്ചതോടെ അയ്യപ്പന് തിരുവാഭരണം പൂര്‍ണമായും അണിഞ്ഞു. മേല്‍ശാന്തി ശംഖില്‍നിന്ന് തീര്‍ഥവും സ്വര്‍ണത്തളികയില്‍ പ്രസാദവും നല്കി.
ദക്ഷിണയായി പിടിപ്പണം സമ്മാനിച്ചു. ഈ സമയം ആചാരപ്രകാരം രാജപ്രതിനിധിയും പരിവാരങ്ങളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഉപദേവന്മാർ, ഗണപതി, നാഗരാജാവ് എന്നീ ദേവതപ്രതിഷ്ഠകളെ ദര്‍ശനം നടത്തി മാളികപ്പുറത്തേക്ക് പല്ലക്കില്‍ പോയി. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദര്‍ശനത്തിനും പൂജകള്‍ക്കും രാജപ്രതിനിധി നേതൃത്വം നൽകും. ചടങ്ങുകൾ പൂർത്തിയാക്കി നട അടയ്ക്കുന്ന 20ന് രാജപ്രതിനിധിക്കു മാത്രമാണ് ദര്‍ശനമുണ്ടാകുക.