ഗുരുവായൂർ: ശബരിമല തന്ത്രിക്ക് ഏകപക്ഷീയമായി നട അടയ്ക്കാൻ അധികാരമില്ല. നട അടച്ചത് സുപ്രിം കോടതി വിധിയുടെ ലംഘനമാണ്. ദേവസ്വം ബോർഡിന് തന്ത്രി മറുപടി നൽകേണ്ടി വരും. പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന മലബാർ ദേവസ്വം ബോർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ദർശനത്തിനെത്തുന്നവർക്ക് പ്രവേശനം നൽകുക എന്നത് പോലീസിന്റെ ചുമതലയാണ്. അതാണ് പോലീസ് അവിടെ നിറവേറ്റിയത്.
സത്യപ്രതിജ്ഞാവേദിയിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. സദസിനുള്ളിൽ കടന്നുകൂടിയ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഗോപിനാഥ്, ജില്ലാ സെക്രട്ടറി ഷൈൻ, യുവമോർച്ച ട്രഷറർ വിനിൽ എന്നിവരാണ് വേദിയിൽ കരിങ്കൊടി കാണിച്ചത്. വേദിക്ക് നൂറ് മീറ്റർ അകലെ ബിജെപി പ്രവർത്തകരായ അനിൽ മഞ്ജറന്പത്ത്, സുമേഷ് തേർളി, മനീഷ് കുളങ്ങര എന്നിവരും കരിങ്കൊടി കാണിച്ചു.
പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. വേദിയിൽ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്കുനേരെ സിപിഎം പ്രവർത്തകരുടെ ചെറുത്തുനിൽപ്പുണ്ടായി. മന്ത്രിക്കെതിരെ ഗുരുവായൂരിൽ ബിജെപി യുവമോർച്ച പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. പ്രകടമായി എത്തിയ ബിജെപി യുവമോർച്ച പ്രവർത്തകരെ റെയിൽവേ സ്റ്റേഷൻ റോഡിൽ പോലീസ് തടഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ പുഷ്കരന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനായി ഗുരുവായൂരിൽ എത്തിയിട്ടുള്ളത്. മന്ത്രി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസുമാസ്റ്ററുടെ സത്യപ്രതിജ്ഞാചടങ്ങും ഗുരുവായൂർ നഗരസഭയുടെ അമൃത് പദ്ധതിയുടെ ഭാഗമായുള്ള മർട്ടിലെവൽ പാർക്കിംഗിന്റെയും ഉദ്ഘാടനം നിർവഹിച്ചാണ് മടങ്ങിയത്.