പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. 41 നാൾ നീളുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമാകും. വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്നു വിളക്കുകൾ കത്തിക്കും.
ശരണം വിളികളുമായി കൈകൂപ്പി നിൽക്കുന്ന അയ്യപ്പഭക്തർക്കു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ദർശനത്തിന് കാത്തു നിൽക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളൂ.
പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങു നടക്കും. ശബരിമല മേൽശാന്തിയായി മലപ്പുറം തിരൂർ തിരുനാവായ അരീക്കര മനയിൽ എ.കെ. സുധീർ നന്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം നടത്തും. ശേഷം ശ്രീകോവിലിനുള്ളിൽ അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേൽശാന്തിക്ക് പകർന്നു നൽകും.
മാളികപ്പുറം മേൽശാന്തിയായി ആലുവ പുളിയനം പാറക്കടവ് മാടവനയിൽ എം.എസ്. പരമേശ്വരൻ നന്പൂതിരിയെ മാളികപ്പുറം ക്ഷേത്രത്തിനു മുന്നിൽ ഇരുത്തി അഭിഷേക ചടങ്ങുകൾ ചെയ്തു സ്ഥാനാരോഹണം നടത്തും. അഭിഷേകം പൂർത്തിയാകുന്നതോടെ ഇരുവരും പുറപ്പെടാ ശാന്തിമാരാകും. കഴിഞ്ഞ ചിങ്ങമാസ പൂജയ്ക്കു നട തുറന്നപ്പോഴാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. തുലാം ഒന്നു മുതൽ ഒരു മാസമായി രണ്ടു മേൽശാന്തിമാരും സന്നിധാനത്തു താമസിച്ച് പൂജാകർമങ്ങൾ പഠിച്ചുവരികയായിരുന്നു.
ഞായറാഴ്ച പുലർച്ചെ നട തുറക്കുന്നത് പുതിയ മേൽശാന്തി എ.കെ. സുധീർ നന്പൂതിരിയായിരിക്കും. മാളികപ്പുറം ക്ഷേത്രനട എം.എസ്. പരമേശ്വരൻ നന്പൂതിരിയും തുറന്ന് അയ്യപ്പഭക്തർക്ക് ദർശനപുണ്യത്തിനു വഴിയൊരുക്കും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തർ തീർഥാടനകാലത്ത് ശബരിമലയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. മണ്ഡലകാലത്തിനു സമാപനം കുറിച്ച് ഡിസംബർ 27 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ. മകരവിളക്കിനായി ഡിസംബർ 30നു നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വർഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പോലീസ് തീരുമാനം. എന്നാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായാൽ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും. ശബരിമല വിധി പുനഃപരിശോധിക്കാൻ തീരുമാനം വന്നെങ്കിലും യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടില്ല. ഇതിനകം മുപ്പതിലേറെ യുവതികൾ ദർശനത്തിനായി ഓണ്ലൈൻ വഴി ബുക്ക് ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്തവരെല്ലാം എത്താൻ സാധ്യതയില്ലെന്നാണ് പോലീസ് കരുതുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകാൻ പോലീസ് തയാറായേക്കില്ലെന്നാണു സൂചന.