ജഗീഷ് ബാബു
പത്തനംതിട്ട: ശബരിമല ക്ഷേത്ര വരുമാനത്തിൽ 98.66 കോടി രൂപയുടെ കുറവുണ്ടായതായി ദേവസ്വം സാമ്പത്തികകാര്യ വിഭാഗം റിപ്പോർട്ട്. ഇതു സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ദേവസ്വം ഭരണ വിഭാഗത്തിന് കൈമാറി
റിപ്പോർട്ട് പ്രകാരം 98,66,48,470 രൂപയുടെ റവന്യു നഷ്ടമാണ് കഴിഞ്ഞ മണ്ഡലം മകരവിളക്ക് കാലത്ത് മാത്രം ഉണ്ടായത്.
സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ തർക്കങ്ങളും നേരത്തേ ഉണ്ടായ നിപ്പ രോഗഭീതിയും ഓഗസ്റ്റിലുണ്ടായ പ്രളയവുമെല്ലാം ചേർന്നാണ് ഇത്ര വലിയ നഷ്ടം ടിഡിബിക്കുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വരുമാന നഷ്ടത്തെ തുടർന്നുണ്ടാകുന്ന പ്രതിസന്ധി നേരിടാൻ പ്രത്യേക നിർദേശങ്ങളും സാമ്പത്തിക കാര്യ വിഭാഗം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ബോർഡിന്റെ നിയന്ത്രണത്തിലുള്ള 1250 ക്ഷേത്രങ്ങളിൽ 60 എണ്ണത്തിൽ മാത്രമാണ് കൃത്യമായ വരുമാന ലഭ്യതയുള്ളത്. ബാക്കിയുള്ള 1190 ക്ഷേത്രങ്ങളുടെ പ്രവർത്തനം ശബരിമല ഉൾപ്പെടെയുള്ള ഈ 60 ക്ഷേത്രങ്ങളെ ആശ്രയിച്ചാണ്. ഇക്കാരണത്താൽ ക്ഷേത്രങ്ങളുമായി ബസപ്പെട്ട പുതിയ നിർമ്മാണം, വികസന പദ്ധതികൾ എന്നിവയ്ക്കെല്ലാം മോറട്ടോറിയം ഏർപ്പെടുത്തണമെന്നാണ് പ്രധാന നിർദേശം.
അടുത്ത ഒരു വർഷത്തേക്ക് സാമ്പത്തിക അച്ചടക്കം വേണമെന്നും സാമ്പത്തിക വിഭാഗം ഭരണനിർവഹണ വിഭാഗത്തോടും ഭരണ നേത്യത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോർഡുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥൻ പറഞ്ഞു.നിലവിൽ സർക്കാരിൽ നിന്നും ലഭിക്കുന്ന വാർഷിക ഗ്രാന്റ് ഡിസംബറിൽ 40 ലക്ഷത്തിൽ നിന്ന് 80 ലക്ഷമായി ഉയർത്തിയിരുന്നു. ഇത് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ബോർഡ് സർക്കാരിനോട് ആവശ്യപ്പെടും.