സ്വന്തം ലേഖിക
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്ത്രീകളുടെ അവകാശങ്ങൾക്ക് യോജിച്ചതെന്ന് നക്കീരൻ ദ്വൈവാരിക പത്രാധിപർ നക്കീരൻ ഗോപാൽ. സ്ത്രീകൾ നിർബന്ധമായും ശബരിമലയിൽ പ്രവേശിക്കണമെന്ന് വിധി പറയുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന വിധിയെ തങ്ങളുടെ താത്പര്യങ്ങൾക്കായി മുതലെടുക്കാനാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്.
വിശ്വാസത്തെ എങ്ങനെ വോട്ടുബാങ്ക് ആക്കാമെന്നാണ് ഇവർ ചിന്തിക്കുന്നത്. അപ്പോഴും ഈ വിഷയത്തെ വളരെ ഒതുക്കത്തോടെ കൈകാര്യം ചെയ്യാൻ കേരള സർക്കാരിനു സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ ഉടലെടുത്തിട്ടുള്ള ഫാസിസ്റ്റ് ഭീകരതയ്ക്കെതിരേയുള്ള ജനകീയ ചെറുത്തുനിൽപ്പുകളിലൂടെ കേരളം തമിഴ്നാടിനു മാതൃകയാവുകയാണ്. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഹിന്ദുത്വം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
എന്നാൽ നൂറു വർഷം കഴിഞ്ഞാലും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനാവില്ല. തമിഴ്നാട്ടിൽ ജാതിയുടെ പിന്തുണയില്ലാതെ ഒരു എംഎൽഎ സീറ്റുപോലും ആർക്കും കിട്ടില്ല എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ അവിടത്തെ രാഷ്ട്രീയക്കാർ ജാതി വ്യവസ്ഥയെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
കോളജ് വിദ്യാർഥിനികളെ തെറ്റായ രീതിയിൽ കൊണ്ടുപോകാൻ ശ്രമിച്ച അധ്യാപിക നിർമലാദേവിക്കെതിരേ നക്കീരനിൽ വന്ന വാർത്ത തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിർമലാദേവി വിദ്യാർഥിനികളോടു സംസാരിക്കുന്നതിന്റെ തെളിവ് തന്റെ പക്കലുണ്ട്.
ഈ വാർത്ത പുറത്തു വിട്ടതിനാൽ ഗവർണറുടെ ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസമുണ്ടാക്കിയെന്നാരോപിച്ച് കേസെടുത്തു. എന്തായാലും ഇതിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്നും നക്കീരൻ ഗോപാൽ പറഞ്ഞു.
ഗൗരീലങ്കേഷിനെ സംഘപരിവാർ ശക്തികൾ കൊലപ്പെടുത്തിയിട്ടും സാംസ്കാരിക – മാധ്യമപ്രവർത്തകർക്കെതിരേയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാരിനു സാധിച്ചിട്ടില്ല.
തമിഴ്നാടും കർണാടകവും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംഘപരിവാർ പ്രവർത്തനങ്ങൾക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുമായി സംവദിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടതിന്റെ വിവരങ്ങളും പത്രപ്രവർത്തന രംഗത്തെ അനുഭവങ്ങളും നക്കീരൻ ഗോപാൽ മാധ്യമ വിദ്യാർഥികളുമായി പങ്കുവച്ചു. മാധ്യമ പ്രവർത്തനത്തെ ഒരു ജോലി മാത്രമായി കാണുന്നവർക്ക് യോജിച്ച രംഗമല്ല ഇത്. സത്യം പുറത്തു കൊണ്ടുവരാനുള്ള താത്പര്യവും അതിനുള്ള ധൈര്യവുമുണ്ടാകണമെന്നും അദ്ദേഹം മാധ്യമ വിദ്യാർഥികളോടു പറഞ്ഞു.
മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ എം. ശങ്കർ, മാധ്യമപ്രവർത്തകൻ പി.വി. മുരുകൻ, നക്കീരൻ ചീഫ് റിപ്പോർട്ടർ ബി. പ്രകാശ്, പ്രഫ. ഹേമലത എന്നിവർ സംബന്ധിച്ചു.