ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രിം കോടതി വിധിയിൽ പ്രതിഷേധിച്ച് ശരണമന്ത്രങ്ങളുമായി തെരുവിലിറങ്ങി ഭക്തജനസഹസ്രങ്ങൾ. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നാമജപഘോഷയാത്രകളിലും സമ്മേളനങ്ങളിലും പതിനായിരങ്ങളാണ് അണിനിരന്നത്. അന്പലപ്പുഴയിൽ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര ഭരണ സമിതികളുമുൾപ്പെടുന്ന സേവ് ശബരിമല കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നാമജപഘോഷയാത്ര നടത്തിയത്.
വൈകുന്നേരം 4.30 ഓടെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച ഘോഷയാത്രയിൽ സ്ത്രീകളടക്കം ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. അന്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഘോഷയാത്ര സമാപിച്ചതിനെത്തുടർന്ന് സമ്മേളനവും നടന്നു.
നഗരത്തിൽ മുല്ലയ്ക്ക്ൽ ക്ഷേത്രാങ്കണത്തിൽ നിന്ന് പഴവീട് ഭഗവതി ക്ഷേത്രത്തിലേക്കാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്. പഴവീട് അയ്യപ്പഭക്തകൂട്ടായ്മ, അയ്യപ്പസേവാസമാജം, അയ്യപ്പസേവാ സംഘം, എൻഎസ്എസ് കരയോഗങ്ങൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കലവൂരിൽ 15 ക്ഷേത്രങ്ങളിൽ നിന്നെത്തിയ ഭക്തജനകൂട്ടായ്മകളുടെ ഘോഷയാത്ര കലവൂർ ജംഗ്ഷനിൽ സംഗമിച്ച് ചെറിയ കലവൂർ ക്ഷേത്രത്തിലെത്തി സമാപിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെയും ദേവസ്വങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഘോഷയാത്ര നടത്തിയത്. കുട്ടനാട്ടിലെ നെടുമുടി, തലവടി തുടങ്ങിയ പ്രദേശങ്ങളിലും ഭക്തരുടെ നേതൃത്വത്തിൽ നാമജപ ഘോഷയാത്രകൾ നടത്തി.