ശബരിമല: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് വൈകുന്നേരം തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി. എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിക്കും. ശേഷം ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടാകില്ല. ചിങ്ങം ഒന്നായ 17ന് പുലര്‍ച്ചെ അഞ്ചിനു മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും നെയ്യഭിഷേകവും നടക്കും. 5.15 ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും.
ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21ന് സഹസ്ര കലശപൂജയും അഭിഷേകവും നടക്കും. ഇക്കുറി ശബരിമല-മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുന്നത് ചിങ്ങം ഒന്നിനാണ്. നറുക്കെടുപ്പ് നടപടിക്കായി മേല്‍ശാന്തിമാരുടെ ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി യോഗ്യത നേടിയ ഒന്‍പതു പേര് വീതമുള്ള രണ്ട് പട്ടിക തയാറാക്കിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈവര്‍ഷം മുതല്‍ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നി ഒന്ന് മുതല്‍ 31 വരെ ശബരിമലയിലും മാളികപ്പുറത്തും ആയി ഭജനമിരിക്കണം. ക്ഷേത്ര പൂജകളും കാര്യങ്ങളും കൂടുതലായി മനസിലാക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ മേല്‍ശാന്തിമാര്‍ക്കായി ദേവസ്വം ബോര്‍ഡ് ഇത്തരത്തിലുള്ള ഒരുസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മണ്ഡലമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസമായിരിക്കും നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാവരോധിക്കല് ചടങ്ങുകള്‍ നടക്കുക.വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാണ് ഇരു ക്ഷേത്ര നടകളും തുറക്കുക.
നറുക്കെടുക്കാൻ മാധവും കാഞ്ചനയും
പന്തളം: അടുത്ത വൃശ്ചികം ഒന്നു മുതലുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാൻ പന്തളം കൊട്ടാരം കുട്ടികളെ തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ മാധവ് കെ. വർമയെയും കാഞ്ചനവർമയെയുമാണ് നറുക്കെടുക്കാനായി നിശ്ചയിച്ചിരിക്കുന്നത്.
മുണ്ടയ്ക്കൽ കൊട്ടാരത്തിലെ ശ്രുതി വർമയുടെയും ചാഴുർ കൊവിലകത്ത് സി.കെ. കേരള വർമയുടെയും മകനാണ് ഈ വർഷത്തെ രാജപ്രതിനിധിയുടെ ചെറുമകൻ കുടിയായ മാധവ് കെ. വർമ. ബാംഗ്ലൂരിൽ സംഗീത അക്കാഡമി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
പന്തളം നാലുകെട്ട് കൊട്ടാരത്തിലെ കേരളവർമയുടെയും പള്ളം കൊട്ടാരത്തിലെ സീതാലക്ഷ്മി വർമയുടെയും മകളാണ് പന്തളം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ കാഞ്ചന വർമ. ശബരിമലയിൽ മാധവ് കെ. വർമയും മാളികപ്പുറത്ത് കാഞ്ചനവർമയും നറുക്കെടുക്കും.
പന്തളം വലിയ തമ്പുരാൻ രേവതി നാൾ പി. രാമവർമ രാജയുടെയും വലിയ തമ്പുരാട്ടി മകം നാൾ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി 16ന് ഉച്ചയ്ക്ക് കുട്ടികൾ കെട്ടുമുറുക്കി ശബരിമലയ്ക്കു യാത്ര തിരിക്കും. തിരുവാഭരണ മാളികയ്ക്കു മുന്നിലാണ് കെട്ടുമുറുക്ക്. കുട്ടികളുടെ രക്ഷാകർത്താക്കളും കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളും അനുഗമിക്കും. ചിങ്ങം ഒന്നിനാണു നറുക്കെടുപ്പ്.