തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം വേണ്ടെന്ന സർക്കാർ നിലപാടിനെതിരേ വിമർശനവുമായി നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരിമല വിഷയത്തിൽ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സർക്കാർ ഇപ്പോൾ കാണിക്കുന്നത്. മലകയറാൻ യുവതികൾ വരേണ്ടെന്ന സർക്കാർ നിലപാട് സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന് എതിരാണെന്നും പുന്നല പറഞ്ഞു.
സർക്കാരിന്റെ നയവ്യതിയാനം സമിതിയെ ദുർബലപ്പെടുകയാണ്. യുവതി പ്രവേശന വിധിക്ക് നിലവിൽ സ്റ്റേയില്ലെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. മലകയറാൻ വരുന്ന യുവതികൾ കോടതി വിധിയുമായി വരണമെന്ന മന്ത്രിയുടെ പ്രസ്താവന ഭരണഘടനാലംഘനമാണെന്ന് പുന്നല ശ്രീകുമാർ വ്യക്തമാക്കി.