ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി എഡിഎം അര്ജുന് പാണ്ഡ്യന് അറിയിച്ചു.
തീര്‍ഥാടകരുടെ എണ്ണം കൂടി വരികയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നു. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കില്‍ അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.
നീലിമല പാതയില്‍ പോലീസിനെയും ഡോക്ടര്‍മാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാവുന്നതായി അദ്ദേഹം അറിയിച്ചു.
ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര്
നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതായി സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്. ആനന്ദ് അറിയിച്ചു. സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര് സ്ഥാപിക്കും.
തീര്‍ഥാടകര്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നടപ്പന്തലില്‍ മാസ്ക് വിതരണവും ചെയ്യുന്നു. കടകളില്‍ ജോലി ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധന പോലീസ് നടത്തും.
സുരക്ഷാ പരിശോധനകൾ
ഭസ്മക്കുളത്തില്‍ വെള്ളം നിറയ്ക്കാനും വെള്ളം മലിനമാവുമ്പോള്‍ പരിശോധിച്ച് വീണ്ടും നിറയ്ക്കാനും സജ്ജമാണെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു.
സന്നിധാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സുരക്ഷാ പരിശോധനകള്‍ നിരന്തരം നടത്തിവരുന്നു. കുടിവെള്ളം പൂര്‍ണ്ണമായും സുരക്ഷിതമാണ്. കെഎസ്ആര്‍ടിസി 24 മണിക്കൂറും സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ കാട്ടുപന്നികള്‍ തീര്‍ഥാടകരെ ആക്രമിച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
സുരക്ഷയ്ക്ക് ഭീഷണിയായ മരച്ചില്ലകള്‍ മുറിച്ചുമാറ്റും. സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, എക്സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ പരിശോധനകളും നടത്തിവരുന്നു.