ശബരിമല: ശബരിമലയിലേക്ക് അയ്യപ്പഭക്തരുടെ തിരക്ക് തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച തിരക്ക് ഇന്നും തുടരുകയാണ്. ഇതരസംസ്ഥാനക്കാരോടൊപ്പം മലയാളികളായ അയ്യപ്പഭക്തന്മാര് കൂടി ശബരിമലയിലേക്ക് കൂടുതലായി എത്തിത്തുടങ്ങി.
ഇന്നു രാവിലെ സന്നിധാനത്തും വലിയനടപന്തലിലും ദര്‍ശനത്തിനു കാത്തുനില്ക്കുന്നവരുടെ നിരയുണ്ടായിരുന്നു.തിരക്ക് വര്‍ധിച്ചതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. അയ്യപ്പഭക്തന്മാര്ക്കൊപ്പം തന്നെ പോലീസുണ്ട്. നിഴല്‍ പോലീസിനെ അടക്കം സന്നിധാനത്തു നിയോഗിച്ചിട്ടുണ്ട്.
പ്രശ്നക്കാരും പ്രതിഷേധക്കാരും ആരെങ്കിലും എത്തിയിട്ടുണ്ടോയെന്നു വിശദമായ പരിശോധന നടക്കുന്നുണ്ട്. അയ്യപ്പഭക്തരുടെ വേഷത്തിലും പോലീസ് രംഗത്തിറങ്ങിയിട്ടുള്ളതായി പറയുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിനു സാഹചര്യമുണ്ടാകുന്നുവെങ്കില്‍ മുന്‍കൂട്ടി തടയാനുള്ള ശ്രമമാണ് പോലീസിന്റേത്. മല കയറുന്ന മുഴുവന്‍ അയ്യപ്പഭക്തരെയും നിരീക്ഷിച്ചുവരികയാണ്.
ഇതോടൊപ്പം ശബരിമലയിലേക്കു വരുന്ന സംഘപരിവാര്‍ നേതാക്കളെ നിലയ്ക്കലില്‍ തടഞ്ഞു മാര്‍ഗനിര്‍ദേശങ്ങളോടെ മാത്രം പമ്പയിലേക്ക് അയയ്ക്കാനാണ് തീരുമാനം. വഴങ്ങാത്തവരെ കസ്റ്റഡിയിലെടുത്തു മടക്കി അയയ്ക്കുകയെന്നതാണ് നയം.
ഇത്തരക്കാരുടെ വരവ് മുന്‍കൂട്ടി അറിയാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.നിലയ്ക്കലിലെത്തുന്ന മുഴുവന്‍ അയ്യപ്പഭക്തരും പോലീസിന്റെ നിയന്ത്രണത്തില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള ആലോചനയും തുടങ്ങിയിട്ടുണ്ട്. നിലവില്‍ കൊച്ചുകുട്ടികള്‍ക്ക് നല്കുന്ന ടാഗ് മാതൃകയില്‍ എല്ലാ അയ്യപ്പഭക്തരുടെയും വിവരങ്ങള്‍ ശേഖരിച്ച് തിരിച്ചറയില്‍ രേഖ നല്കി അയയ്ക്കുന്നതു പ്രായോഗികമാകുമോയെന്നാണ് ആലോചന. പമ്പയില്‍ നേരിട്ടെത്തുന്നവര്‍ക്ക് അവിടെനിന്നും തിരിച്ചറിയല്‍ രേഖ നല്‍കാമന്നാണ് പോലീസ് പറയുന്നത്.
അതിനിടെ, ശബരിമല സന്നിധാനത്ത് മാളികപ്പുറത്തിനുസമീപം ഇന്നലെ രാത്രിയിലും അയ്യപ്പഭക്തര്‍ സംഘടിച്ച് നാമജപം നടത്തി. പോലീസ് നിയന്ത്രണങ്ങള്‍ മറികടന്നില്ലെങ്കിലും 80 ഓളം പേര് ഒന്നിച്ചു നാമജപം നടത്തിയത് പോലീസിനെയും ആശയക്കുഴപ്പത്തിലാക്കി. ശബരിമലയിലെ സമാധാനപരമായ അന്തരീക്ഷം ലംഘിക്കാനായി ചിലര്‍ ശ്രമം നടത്തിയേക്കുമെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.