ശബരിമല: ശബരിമല തീർഥാടനത്തിന്റെ ബേസ് ക്യാന്പായ നിലയ്ക്കലില്‍ 35,000 ഭക്തര്‍ക്ക് വിരിവയ്ക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സ്ഥിരം സൗകര്യങ്ങള്‍ അടുത്ത മണ്ഡല കാലത്തിനു മുന്‍പായി ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. പമ്പയില്‍ ഹില്‍ ടോപ്പില്‍ നിന്നും ഗണപതി അമ്പലത്തിലേക്കുള്ള പാലം നിര്‍മിക്കുമെന്നും നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ തീർഥാടനകാലത്തെ മണ്ഡലമകരവിളക്ക് ഉത്സവ സമാപനത്തിന്റെ പശ്ചാത്തലില്‍ പൊതുവിലയിരുത്തല്‍ നടത്തുകയായിരുന്നു അദ്ദേഹം.
സീതത്തോട് ജലവിതരണ പദ്ധതിക്ക് ഇതിനകം 105 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളതായും പത്മകുമാർ പറഞ്ഞു.ഇത്തവണത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന് മാസങ്ങള്‍ക്കു മുന്‍പുതന്നെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സീസണ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. ജീവനക്കാരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജൂണിൽ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഈ നൂറ്റാണ്ടിലെതന്നെ വലിയ പ്രളയം ദേവസ്വം ബോര്‍ഡിനെ ആശങ്കയിലാഴ്ത്തിയിരുന്നു.
എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മരാമത്ത് വകുപ്പ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ടാറ്റാ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. അതിനുവേണ്ടി വരുന്ന ചെലവ് പൂര്‍ണമായും സൗജന്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് പൂര്‍ണമായും അയ്യപ്പന് സമര്‍പ്പിക്കുന്നെന്ന് കമ്പനി അധികൃതര്‍ പറയുകയുണ്ടായി. ഇത്തരത്തില്‍ 25 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞത് പ്രധാനപ്പെട്ട കാര്യമാണ്.
യുവതീ പ്രവേശനത്തിന്റെ കാര്യത്തില്‍ മനഃപൂര്‍വം കലാപം നടത്താന്‍ ശ്രമം ഉണ്ടായി. അതിനെ അതിജീവിച്ച് ഭക്തര്‍ക്ക് ആശങ്കയില്ലാതെ ദര്‍ശനം നടത്താനും മണ്ഡല മകരവിളക്ക് ഉത്സവം ഭംഗിയായി പൂര്‍ത്തീകരിക്കാനും ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍, ഹൈക്കോടതി നിരീക്ഷക സമിതി എന്നിവയുടെ പൂര്‍ണ യോജിപ്പോടെ നടത്തിയ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നടത്തിയ പ്രചാരണത്തിന്റെ ഫലമായാണ് വരുമാനത്തിൽ കുറവുണ്ടായത്. കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. നിലയ്ക്കല്‍ ബേസ് ക്യാന്പ് ആയതോടെ ഭക്തജനങ്ങളുടെ വരവിനെ ക്രമീകരിക്കാന്‍ കഴിഞ്ഞു. ശബരിമലയുടെ ഗേറ്റ് വേ ചെങ്ങന്നൂര്‍ ആണ്. ചെങ്ങന്നൂര്‍, ആറന്മുള, പത്തനംതിട്ട, പെരുനാട് എന്നീ സ്ഥലങ്ങളിലെ ഇടത്താവളങ്ങള്‍ ശക്തിപ്പെടുത്തുകയും ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു.