പത്തനംതിട്ട: തുലാമാസ പൂജകൾക്കായി നാളെ ശബരിമല നട തുറക്കുമെന്നിരിക്കേ നിലയ്ക്കലും പന്പയിലും സമരങ്ങൾക്ക് അരങ്ങൊരുങ്ങുന്നു.ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയേ തുടർന്നുള്ള സമരങ്ങൾ ക്കാണ് വേദിയൊരുങ്ങുന്നത്.
10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾ ശബരിമല ദർശനത്തിനെത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സംഘടനകൾ സമരം നടത്തുന്നത്. സുപ്രീംകോടതി വിധി ഇവരുടെ ശബരിമല ദർശനത്തിന് അനുകൂലമായതിനാൽ ഇത്തരം സമരങ്ങളിൽ സ്ത്രീകളെ തടയുന്നത് നിയമവിരുദ്ധമാകുമെന്നതിനാൽ പോലീസിനും കൈയും കെട്ടി നോക്കിനിൽക്കാനാകില്ല.
എന്നാൽ ദർശനത്തിനു വരുന്നവരെ തടയില്ലെന്നും ഉപദേശിച്ചു പറഞ്ഞയക്കുക മാത്രമായിരിക്കും ലക്ഷ്യമെന്നും സമരരംഗത്തുള്ള ചില സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. നിലയ്ക്കലിൽ പർണശാല കെട്ടിയുള്ള സമരം ഒരാഴ്ചയിലേറെയായി നടന്നുവരികയാണ്. ഇതിലേക്ക് കൂടുതൽ സംഘടനകൾ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്.
അയ്യപ്പഭക്ത സംഘടനകൾ നിലയ്ക്കൽ, പന്പ, എരുമേലി എന്നിവിടങ്ങളിലാണ് നാളെ സമരപരിപാടികൾക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. പന്തളം, സെക്രട്ടേറിയറ്റ്, എരുമേലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സമരം നടത്തിയ സംഘടനകളാണ് നാളെയും 18നുമായി പന്പയിലും നിലയ്ക്കലിലും സമരങ്ങൾക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. ഇതിനിടെയാണ് എഎച്ച്പി 18ന് ഹർത്താലിന് ആഹ്വാനം നൽകിയത്.