പത്തനംതിട്ട: ബാബറി വാർഷികത്തോടനുബന്ധിച്ച ശബരിമലയിലും പരിസരങ്ങളിലും ഏർപ്പെടുത്തിയ അധിക സുരക്ഷ ഇന്ന് അവസാനിക്കുമെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിലും കൂടുതലായി നിയോഗിക്കും.
ശബരിമലയിലേക്ക് യുവതികളെ കൂട്ടമായി എത്തിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ, മതസംഘടനകളുടെയും നേതാക്കളുടെയും പ്രവർത്തനങ്ങൾ ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചുവരികയാണ്.
ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയുള്ള ഏതു നീക്കത്തെയും തടയിടാനുള്ള ശ്രമമാണ് പോലീസ് വിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. എസ്പിമാർ, ജില്ലാ സ്പെഷൽബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ ഇന്റലിജൻസ് എഡിജിപി പരിശോധിച്ചശേഷം ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപിക്കാണ് കൈമാറുന്നത്.
ഇതര സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് വിഭാഗത്തിന്റെ സേവനവും തേടിയിട്ടുണ്ട്. ഇന്റലിജൻസ് സ്പെഷൽ ടീമും ശബരിമലയിലുണ്ട്. ബാബറി ദിനത്തോടനുബന്ധിച്ച് സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളിലെ ഡിവൈഎസ്പിമാരെ അധികഡ്യൂട്ടി നൽകി പന്പയിലും സന്നിധാനത്തും നിയോഗിച്ചിരുന്നു.
ഇവരുടെ സേവനം തുടർന്നും അതാത് സ്ഥലങ്ങളിൽ തുടരാനാണ് തീരുമാനം. തീവ്രവാദികളെയും ക്രിമിനലുകളെയും കണ്ടെത്താൻ പരിശീലനം ലഭിച്ച സ്പോട്ടേഴ്സ് ടീമും ഡിവൈഎസ്പിമാർക്കൊപ്പം ഉണ്ടാകും.ക്ഷേത്ര മതിലകത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള അധിക സായുധ പോലീസ് കാവൽ ഇന്നുകൂടി തുടരും. സംസ്ഥാന പോലീസിനോടൊപ്പം കേന്ദ്രസേനയിലെ സായുധ അംഗങ്ങളും ഡ്യൂട്ടിയിലുണ്ട്.
സോപാനത്തിലെ വിഐപി ദർശനത്തിന് ഇന്നലെ വിലക്കുണ്ടായിരുന്നു. സോപാനത്തിൽ കാണിക്ക അർപ്പിക്കാനും കഴിയുമായിരുന്നില്ല, പകരംവച്ചിരിക്കുന്ന ചെന്പിലാണ് കാണിക്ക ഇട്ടത്.