ശബരിമല: ശബരിമലയിൽ വീണ്ടും യുവതി ദർശനം നടന്നതായി അവകാശവാദം. കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവ് എസ്.പി. മഞ്ജുവാണ് (35) ശബരിമല ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇവർ ശബരിമല ദർശനം നടത്തിയതായി അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അയ്യപ്പ ദർശനം നടത്തിയതായി മഞ്ജു പറഞ്ഞു. ശബരിമല സന്നിധാനത്ത് നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ഇവർ പുറത്തുവിട്ടു. പതിനെട്ടാം പടിയിലൂടെ തന്നെയാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും മഞ്ജു അറിയിച്ചു.
തൃശൂരിൽനിന്നു കെഎസ്ആർടിസി ബസിൽ പമ്പയിൽ എത്തിയെന്നും ഭക്തർക്കൊപ്പമാണ് മല ചവിട്ടിയതെന്നും മഞ്ജു പറഞ്ഞു. മാർഗമധ്യേ യാതൊരു പ്രതിഷേധവും ഉണ്ടായില്ല. പോലീസ് സംരക്ഷണം തേടിയിരുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു. ശബരിമല ദർശനം നടത്തി ഉച്ചയോടെ തിരികെ കോട്ടയത്ത് എത്തിയ മഞ്ജു ട്രെയിനിൽ കൊല്ലത്തെ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയശേഷമാണ് മഞ്ജു ദർശനം നടത്തിയ വാർത്ത പുറത്തുവന്നത്.
കഴിഞ്ഞ ചിത്തിരആട്ടവിശഷ സമയത്ത് ശബരിമല ദർശനത്തിനു തുനിഞ്ഞ മഞ്ജുവിന് പ്രതിഷേധത്തെ തുടർന്ന് മലയിറങ്ങേണ്ടിവന്നിരുന്നു. മാലയിട്ട് വൃതമെടുത്ത മഞ്ജു ആദ്യതവണ ഇട്ട മാല ഊരിയിരുന്നില്ല. മല കയറാതെ മാല ഊരില്ല എന്ന വാശിയിലായിരുന്നു. ശബരിമല ദർശനത്തിനായുള്ള മഞ്ജുവിന്റെ മൂന്നാമത്തെ ശ്രമമാണ് വിജയിച്ചത്. ഇതിന് മുൻപ് മനീതി സംഘത്തോടൊപ്പം പിന്തുണയുമായി മലകയറാൻ ശ്രമിച്ച ദിവ്യാ ദിവാകർ, സീന, ലിബി സി.എസ്, അമ്മിണി എന്നിവർക്കൊപ്പവും മഞ്ജു ഉണ്ടായിരുന്നു.
ആദ്യതവണ ശബരിമല സന്ദർശിക്കാൻ ശ്രമിച്ച സന്ദർഭത്തിൽ മഞ്ജുവിന്റെ വീട് സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചിരുന്നു.