തിരുവനന്തപുരം: യുവതി പ്രവേശനം അനുവദിച്ചുള്ള വിധി റദ്ദാക്കാതെ വിശാല ഭരണഘടനാ ബെഞ്ചിനു വിട്ടതിനു പിന്നാലെ ശബരിമല ദർശനത്തിനായി യുവതികൾ തയാറെടുക്കുന്നു. ഇതുവരെ 36 സ്ത്രീകൾ ശബരിമല ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. വിധി വരുന്നതിനു മുമ്പാണ് യുവതികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യാത്തതിനാൽ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പരിശോധിക്കുംവരെ സ്ത്രീകൾക്ക് പ്രവേശം സാധ്യമാണ്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വർഷം ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ ഇത്തവണയും ശബരിമലയ്ക്കു പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ, ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ശബരിമല പ്രവേശനം അനുവദിക്കണമെന്നും മല കയറാൻ വരുന്ന സ്ത്രീകൾക്ക് സർക്കാർ സംരക്ഷണം നല്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ശബരിമലയിൽ ദർശനം നടത്തിയ യുവതികളിലൊരാളാണ് ബിന്ദു അമ്മിണി.