
തിരുവനന്തപുരം: ശബരിമലയിൽ മാസപൂജയ്ക്ക് നട തുറക്കുന്പോൾ ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കാട്ടി തന്ത്രി നൽകിയ കത്ത് കിട്ടിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു.
എല്ലാവരുമായി ആലോചിച്ചാണ് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുണ്ടായ ആശയകുഴപ്പം ചർച്ചയിലൂടെ പരിഹരിക്കുമെന്നും വാസു പറഞ്ഞു.
ശബരിമലയിൽ ഉത്സവം നടത്താൻ തീരുമാനിച്ചത് എല്ലാവരുമായി കൂടിയാലോചിച്ചാണെന്നും വാസു പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വച്ച് തന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതര സംസ്ഥാനത്ത് നിന്നും ഉൾപ്പെടെ ഭക്തർ ശബരിമലയിലേക്ക് വന്നാൽ കോവിഡ് വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് തന്ത്രി ശബരിമലയിൽ ഇപ്പോൾ ഭക്തർക്ക് പ്രവേശനം നൽകരുതെന്ന് കാട്ടി കത്ത് നൽകിയത്.
ഹൈന്ദവ സംഘടനകൾ ഉൾപ്പെടെ ഇപ്പോൾ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നൽകേണ്ടതില്ലെന്ന നിലപാടിലാണ്.