ശബരിമല: ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രിയിൽ് നടത്തിയ പടിപൂജ ഭക്തിനിർഭരമായി. അഞ്ചുദിവസങ്ങളിലായിട്ടാണ് പടിപൂജ നടത്തുന്നത്. അയ്യപ്പന്റെ കാവൽക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്.
പതിനെട്ടു പടികളും പുഷ്പങ്ങൾകൊണ്ട് അലങ്കരിച്ച് വിളക്കുകൾ കത്തിച്ചാണ് പൂജ. ദർശനത്തിനായി പതിനെട്ടാംപടിക്കു താഴെയും മുകളിലുമായി കാത്തുനിന്ന നൂറുകണക്കിനു ഭക്തരുടെ ശരണംവിളികൾക്കിടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എ.കെ. സുധീർനന്പൂതിരിയും പടിപൂജയ്ക്ക് കാർമികത്വം വഹിച്ചു. തുടർന്ന് ദീപാരാധനയും നടന്നു.
ഭക്തർക്കായി 24 മണിക്കൂർ അനൗണ്സ്മെന്റ് സംവിധാനം
ശബരിമല: അയ്യപ്പഭക്തർക്ക് സഹായഹസ്തമായും വിവരങ്ങൾ യഥാസമയം കൈമാറിയും ശബരിമല അയ്യപ്പസന്നിധിയിലെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിന്റെ മാതൃകാപരമായ പ്രവർത്തനം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പബ്ലിക് റിലേഷൻ വിഭാഗത്തിന് കീഴിലാണ് ശബരിമല സന്നിധാനത്ത് വലിയ നടപ്പന്തലിൽ പബ്ളിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്.
അയ്യപ്പഭക്തൻമാർക്കുളള വിവിധ അറിയിപ്പുകൾ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നൽകുക, തിരുനട തുറക്കുന്പോഴും, അടയ്ക്കുന്പോഴും അയ്യപ്പഭക്തി ഗാനങ്ങൾ കേൾപ്പിക്കുക, കൂട്ടം തെറ്റിയ ഭക്തജനങ്ങളെ സംബന്ധിച്ച് അറിയിപ്പ് നൽകുക, നഷ്ടപ്പെടുകയോ കളവുപോകുകയോ ചെയ്യുന്ന വിലപിടിപ്പുളള സാധനങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുക തുടങ്ങിയവയാണ് പബ്ലിസിറ്റി അനൗണ്സ്മെന്റ് വിഭാഗത്തിന്റെ ദൈനംദിന പ്രവർത്തനം.
ദേവസ്വം ബോർഡ് ജീവനക്കാരും താൽക്കാലിക ജീവനക്കാരും ഉൾപ്പെടെ 25 ൽ അധികം ജീവനക്കാർ വിവിധ ഷിഫ്റ്റുകളിലായി ഭക്തരെ സഹായിക്കാനും വിവരങ്ങൾ കൈമാറാനും 24 മണിക്കൂറും സജ്ജമാണ്.
സന്നിധാനത്തും പരിസരത്തും കനത്ത മഴ
ശബരിമല: സന്നിധാനത്തും പരിസരങ്ങളിലും കോരിച്ചൊരിയുന്ന കനത്ത മഴ. ഇന്നലെ ഉച്ചയ്ക്ക് 1.15ന് ആരംഭിച്ച മഴ 1.43 വരെ ശക്തമായി പെയ്തു. ഒരു മണിക്ക് നട അടച്ചിരുന്നെങ്കിലും കനത്ത മഴയത്തും അയ്യപ്പന്മാർ നനഞ്ഞ് പതിനെട്ടാം പടി കയറി. അപ്രതീക്ഷിതമായി പെയ്ത മഴയിൽ, അയ്യപ്പഭക്തരെ ചുവടു പിഴയ്ക്കാതെ, പതിനെട്ടാംപടി സുരക്ഷിതമായി കയറാൻ സഹായിക്കുന്നതിൽ പോലീസുകാർ മുന്നിലുണ്ടായിരുന്നു.
അയ്യപ്പ ഭക്തർക്ക് ഭക്ഷണം ഹൈടെക് അടുക്കളയിൽ നിന്ന്
ശബരിമല: അടുക്കള സംവിധാനങ്ങൾ കണ്ടാൽ ഏറ്റവും മുന്തിയ ഹോട്ടലിലേതാണെന്നു തോന്നിപ്പോകും. ശബരിമലയിൽ എത്തുന്ന ഭക്തർക്കായി ദേവസ്വം ബോർഡ് തയാറാക്കിയിട്ടുള്ള അന്നദാന ശാലയുടെ അടുക്കളയിൽ ഏറ്റവും പുതിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാൽപ്പതിലേറെ ജീവനക്കാർ ഇവിടെ രാവും പകലും പണിയെടുക്കുന്നുണ്ട്. വലിയ അനവധി പാത്രങ്ങളിൽ ആവിയിലാണ് ചോറ് വേവിക്കുന്നത്.
അന്നദാനശാലയുടെ തറനിരപ്പിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്ന് പാത്രങ്ങളിലാക്കി ട്രോളിയിലൂടെ ലിഫ്റ്റ് മാർഗം ചോറും കറികളും ഒന്നാംനിലയിൽ ഭക്ഷണശാലയിൽ എത്തിക്കുന്നു. വിറക് പൂർണമായും അടുക്കളയിൽ നിന്ന് ഒഴിവാക്കി പരിസ്ഥിതി സൗഹൃദമാക്കിയിരിക്കുകയാണ്.ഉപ്പുമാവ് വലിയ വാർപ്പുകളിൽ ഗ്യാസ് ഉപയോഗിച്ചാണ് തയാറാക്കുന്നത്. 24 മണിക്കൂറും ഭക്തർക്ക് ഇവിടെ നിന്ന് ഭക്ഷണം കഴിക്കാമെന്നതാണ് പ്രത്യേകത.
മുന്പ് ഭക്തർ തന്നെ പാത്രങ്ങൾ കഴുകണമായിരുന്നു. എന്നാൽ ഇപ്പോൾ പാത്രവും കഴുകേണ്ട. പാത്രം എടുക്കുന്നതിനും കഴുകുന്നതിനും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പാത്രത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ മറ്റൊരു ടാങ്കിൽ സംഭരിക്കും. അത് ഓരോഘട്ടത്തിലും വെള്ളം ഒഴുക്കി പുറത്തേക്ക് പൈപ്പിലൂടെ നീക്കം ചെയ്യുന്നു. തണുത്ത വെള്ളത്തിൽ കഴുകുന്ന പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ വീണ്ടും കഴുകും.
ഇതിനായി പ്രത്യേക യന്ത്രവുമുണ്ട്. പകർച്ചവ്യാധി ഒരുതരത്തിലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം. മാത്രമല്ല ഭക്ഷണശാലയും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കാനും കഴിയും. വന്യജീവികളുടെ ശല്യവും ഒഴിവാകും. ഭക്ഷണശാല ഓരോ ഘട്ടത്തിലും വാക്വം ക്ളീനർ ഉപയോഗിച്ചു വൃത്തിയാക്കുന്നുണ്ട്.
ഒരേസമയം രണ്ടായിരത്തോളം പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഭക്ഷണശാലയിലുണ്ട്. ഒരു ദിവസം 40000 ഓളം പേർക്ക് ഇവിടെ ഭക്ഷണം നൽകാൻ കഴിയും. മൂന്നുനേരവും ഇവിടെ ഭക്ഷണമുണ്ട്. രാവിലെ പ്രാതലിന് ഇഡലി അല്ലെങ്കിൽ ഉപ്പുമാവും കടലകറിയും ഉച്ചയ്ക്ക് മൂന്നിനം കറികൾ കൂട്ടിയുള്ള ഉൗണ്, രാത്രിയിൽ കഞ്ഞിയും പയറും. വൈകി വരുന്ന ഏതൊരാൾക്കും ഭക്ഷണം ലഭിക്കും.