പത്തനംതിട്ട: ശബരിമലയിലും പന്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡിന്റെ കർശന നിർദ്ദേശം. പന്പയിൽ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്.
പന്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലായി. പന്പയിലും പരിസര പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പും ഉണ്ട്. മഴ ശക്തമായി തുടരുന്നു.പത്തനംതിട്ടയിലെ കൊച്ചു പന്പ, മൂഴിയാർ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു.
പന്പയിലേക്കുള്ള ബസ്സ് സർവ്വീസ് കെ.എസ് ആർ ടി സി നിറുത്തിവച്ചു.പന്പ മുതൽ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും ന ട പ ന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. പന്പയിലെ ഒഴുക്ക് കൂടുതൽ ശക്തിപ്പെട്ടിരിക്കുന്നു. കൊന്പു പന്പാ ഡാമിന്റെ ഷട്ടറുകൾ കൂടുതലായി തുറന്നിട്ടുണ്ട്.
പന്പയിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വെള്ളത്തിനടിയിലായിരിക്കുകയാണ്. വൈദ്യുതി ബന്ധവും ഫോണ് ബന്ധവും തകരാറിലായിട്ടുണ്ട്. പൂർണ്ണമായും ശബരിമലയും പന്പയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അയ്യപ്പഭക്തരെ ശബരിമലയിലേക്ക് കടത്തിവിടില്ല. പൊലീസ് പന്പയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പാതകൾ അടച്ചിട്ടു.