വൈക്കം: ശബരിമല ദർശനം സുഗമമാക്കാൻ നിലയ്ക്കലിൽ നിന്നും പന്പ വരെ അയ്യപ്പഭക്തർക്ക് വാഹനങ്ങളിൽ എത്താൻ സർക്കാർ അനുവാദം നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്സിന്റെ വൈക്കത്തു ചേർന്നസംസ്ഥാന തല യോഗത്തിൽ പ്രസിഡന്റ് ജി. ജയകുമാർ അധ്യക്ഷത വഹിച്ചു.
ദേവസ്വം ബോർഡിൽ നിന്നു പെൻഷൻ പറ്റിയവർക്ക് മിനിമം പെൻഷൻ 8500 രൂപയായും ഫാമിലി പെൻഷൻ 5000 രൂപയായും ദേവസ്വം ബോർഡ് അനുവദിക്കണമെന്നും വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി പ്രാതലിനുള്ള അരി വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
എഴുന്നള്ളത്തുകൾക്ക് ഏറെ പ്രാധാന്യമുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിൽ തിരുവാഭരണത്തിന്റെ ചുമതല ഇപ്പോഴും പെൻഷൻപറ്റിയ ജീവനക്കാരനാണ്. തിരുവാഭരണചുമതലയ്ക്ക് പുതിയ ആളെ നിയമിക്കുന്നതിനും ശബരിമല ഇടത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും തിരുവതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ശബരിമലയിലെയും അനുബന്ധ ക്ഷേത്രങ്ങളിലേയും പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിൽ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് സർവീസ്പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാർ, സെക്രട്ടറി ശ്രീകണ്ഠൻ നായർ, വൈസ് പ്രസിഡൻറ് പി.സി. വിജയകുമാർ, ട്രഷറർ വി.എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.