നിലയ്ക്കൽ: ശബരിമല മണ്ഡല മഹോത്സവ തീര്‍ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം. നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം 20000 മുതല്‍ 30000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. നിലവില്‍ 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ഒരേസമയം 9000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിനുപുറമേയാണ് ഗോശാലയ്ക്ക് സമീപം പാര്‍ക്കിംഗ് സ്ഥലം വിപുലീകരിക്കുന്നത്.
പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിലാകും എല്ലാത്തരം വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സ്ഥലം സജ്ജമാക്കുന്നത്. കഴിഞ്ഞ ദിവസം ദേവസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുറഞ്ഞത് 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അടിയന്തരമായി പാര്‍ക്കിംഗ് സ്ഥലം ഒരുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനമെടുത്തത്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിന് പ്രത്യേകം റോഡും ഒരുക്കും.
മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഹെലിപാഡിന് സമീപം ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് താമസിക്കുന്നതിന് താത്കാലിക സൗകര്യവുമൊരുക്കം. നിലവിലുള്ള താമസസൗകര്യങ്ങള്‍ക്ക് പുറമേയാകും ഇത്. ഇതോടൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കും. തീര്‍ഥാടനം ആരംഭിക്കുന്നതിനു താത്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണം ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
നവംബര്‍ 15നകം താമസ സൗകര്യവും ടോയ്ലറ്റ് സംവിധാനവും ഒരുക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പദ്ധതി പ്രദേശങ്ങളും ഹെലിപാഡും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ശബരിമലയുടെ ചുമതയുള്ള എഡിഎം എന്‍.എസ്. കെ ഉമേഷ്, അടൂര്‍ ആര്‍ഡിഒ പി.ടി. ഏബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്. ബീനാ റാണി, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കളക്ടര്‍ക്കൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേകയോഗവും ചേര്‍ന്നു. പത്തനംതിട്ട – പമ്പ റോഡില്‍ തുലാപ്പള്ളിക്ക് സമീപം റോഡ് ഇടിഞ്ഞ ഭാഗങ്ങളില്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്നത് ജില്ലാ കളക്ടര്‍ വിലയിരുത്തി. നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.