ശബരിമലയിൽ യുവതി പ്രവേശത്തിനു ശേഷം സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. തന്ത്രിയുടെ മറുപടിക്കു ശേഷം ഭാവി നടപടികൾ സ്വീകരിക്കുമെന്നും പത്മകുമാർ അറിയിച്ചു.
തന്ത്രി 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതികൾ ദർശനം നടത്തിയതിനു ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിക്ക് യോജിച്ചതല്ല. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്കു എതിരാണെന്നും എ. പത്മകുമാർ പറഞ്ഞു.
ശനിയാഴ്ച ദേവസ്വം ബോർഡ് യോഗം ചേരാനിരിക്കെയാണ് പത്മകുമാറിന്റെ പ്രതികരണം. ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കാൻ തന്ത്രിക്ക് അവകാശ മുണ്ടെന്ന നിലപാടായിരുന്നു പത്മകുമാർ ഇതേവരെ എടുത്തിരുന്നത്. തന്ത്രി ശുദ്ധികലശം നടത്തിയതു സംബന്ധിച്ചു വ്യക്തമായ ഒരു അഭിപ്രായം പ്രസിഡന്റ് ഇതേവരെ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
തന്നോട് ആലോചിച്ചിട്ടല്ല തന്ത്രി തീരുമാനമെടുത്തതെന്നു മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ തന്ത്രിയോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
ക്ഷേത്രത്തിൽ ആചാരപരമായ വിഷയങ്ങളിൽ ലംഘനമുണ്ടാകുകയോ അശുദ്ധി ബോധ്യപ്പെടുകയോ ചെയ്താൽ തന്ത്രിയുടെ തീരുമാനപ്രകാരം ശുദ്ധിക്രിയകളും പരിഹാരങ്ങളും നടത്തുകയാണ് രീതി. ശബരിമലയിൽ യുവതീപ്രവേശനത്തിന്റെ പേരിൽ നട അടച്ചു ശുദ്ധിക്രിയ നടക്കുന്നതും ആദ്യ സംഭവമാണ്. ആചാരലംഘ നവും അശുദ്ധിയും നടന്നതിനാൽ പഞ്ചപുണ്യാഹവും ബിംബശുദ്ധി ക്രിയകളും ഒരേപോലെ ബുധനാഴ്ച നടത്തിയതായി തന്ത്രി അറിയിച്ചിരുന്നു.
നട അടച്ച തന്ത്രി കണ്ഠര് രാജീവരുടെ നടപടി ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണെന്നു കമ്മീഷണർ എൻ. വാസുവും റിപ്പോർട്ട് നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവു നിലനിൽക്കെ യുവതികൾ ദർശനം നടത്തിയെന്ന പേരിൽ നട അടച്ചു ശുദ്ധിക്രിയകൾ നടത്തിയതു കോടതിവിധിയോടുള്ള അവഹേള നമാണെന്നും റിപ്പോർട്ടിൽ പറയുന്നു.