കൊച്ചി: ശബരിമലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നും തീർഥാടകർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 17ന് മണ്ഡല മകരവിളക്ക് സീസണ് ആരംഭിക്കുന്പോൾ നടപടികൾ ഉറപ്പാക്കണമെന്നു ഹർജിയിൽ പറയുന്നു.
കുടിവെള്ളവും ഭക്ഷണവും പോലും ഭക്തർക്ക് നിഷേധിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് ഹർജിയിലെ വാദം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിനാൽ ശൗചാലയങ്ങളും കുളിമുറികളും ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. ഭക്തർക്ക് സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനും ദേവസ്വം കമ്മീഷണർക്കുമാണ്.
പ്രതിഷേധ സമരങ്ങളെത്തുടർന്ന് പോലീസ് സുരക്ഷയുടെ പേരിൽ സന്പൂർണ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതു തീർഥാടകർക്ക് ഏറെ ബുദ്ധിമുട്ടിനു കാരണമാകും. സമാധാനപൂർണവും സുരക്ഷിതവുമായ തീർഥാടനം ഭക്തരുടെ അവകാശമാണെന്നും ശബരിമലയിൽ അനാവശ്യമായി പോലീസിനെ വിന്യസിച്ച നടപടി പിൻവലിക്കാൻ നിർദേശിക്കണെമന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.