എരുമേലി: ഭക്തിയുടെ രൗദ്രതയോടെ അമ്പലപ്പുഴ സംഘവും ശാന്തതയുടെ ലാസ്യഭാവത്തോടെ ആലങ്ങാട്ട് സംഘവും അയ്യപ്പനെ പ്രകീർത്തിച്ച് പേട്ടതുള്ളി. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് അനുമതിയായി ആകാശത്ത് പൊട്ടു പോലെ കൃഷ്ണപ്പരുന്ത് പറന്നെത്തി.
മാനത്ത് വെട്ടിത്തിളങ്ങിയ വെള്ളിനക്ഷത്രം ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലിന്റെ അനുമതിയായി. ഇരു സംഘങ്ങളുടെയും പേട്ടതുള്ളൽ ഭക്തർക്ക് ദർശന സായൂജ്യമായി.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ തിടമ്പുമായി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയോടെ അമ്പലപ്പുഴ സംഘം മുസ്ലിം പള്ളിയിൽ പ്രവേശിച്ച് വലം ചുറ്റി ഇറങ്ങുമ്പോൾ ജുമാ നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി. ഇന്നലെ രാവിലെ 11 ഓടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ചടങ്ങുകൾ കൊച്ചമ്പലത്തിൽ ആരംഭിച്ചത്.
സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സംഘം മൂന്ന് ആനകളും ചെണ്ടമേളങ്ങളുമായി മുസ്ലിം പള്ളിയിൽ പ്രവേശിച്ചു. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർക്കൊപ്പം ജനപ്രതിനിധികളുമായി ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദിന്റെ നേതൃത്വത്തിൽ മഹല്ല് ഭാരവാഹികൾ സംഘത്തെ സ്വീകരിച്ചു.
പള്ളിക്ക് വലം ചുറ്റി വാവരുടെ പ്രതിനിധി താഴത്തുവീട്ടിൽ ആസാദിനെ ഒപ്പം ചേർത്ത സംഘത്തിന്റെ പേട്ടതുള്ളൽ വലിയമ്പലത്തിൽ എത്തിയപ്പോൾ ദേവസ്വം ബോർഡ് ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർണ കുംഭങ്ങൾ നൽകി എതിരേറ്റു.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിൽ ആലങ്ങാട്ട് സംഘം ആകാശത്ത് നക്ഷത്രത്തെ കണ്ട് പേട്ടതുള്ളൽ ആരംഭിച്ചത്. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുടെ പ്രതിനിധി പോയെന്ന വിശ്വാസത്തിൽ സംഘം മുസ്ലിം പള്ളിയിൽ കയറിയില്ല.
പള്ളിയുടെ മുന്നിലെത്തി ആദരവറിയിച്ച സംഘത്തെ പൂക്കൾ വിതറി ജമാഅത്ത് സ്നേഹം പ്രകടിപ്പിച്ചു. സ്വർണഗോളക കൊടികൾ, വെളിച്ചപ്പാടുകൾ, കൊട്ടക്കാവടികൾ, ചേങ്കിലത്താളങ്ങൾ, എടുപ്പ് കാഴ്ചകൾ എന്നിവയുമായി ശാന്തമായ നൃത്തമായിരുന്നു ആലങ്ങാടിന്റെ പേട്ടതുള്ളൽ.
വെള്ള വസ്ത്രങ്ങളണിഞ്ഞ് ഭസ്മം പൂശി തോളിലെ ഉത്തരീയം വീശി ലാസ്യ ഭാവത്തോടെയാണ് സംഘം പേട്ടതുള്ളിയത്. ഇരു സംഘങ്ങൾക്കും പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പ്, വ്യാപാരി വ്യവസായി സംഘടനകൾ, വിവിധ ഹൈന്ദവ സംഘടനകൾ ഉൾപ്പടെ സ്വീകരണം നൽകി.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ 1200 ഓളം പോലീസുകാർ ഉൾപ്പെട്ട സംഘം ടൗൺ പൂർണമായും വാഹനമുക്തമാക്കി പേട്ടതുള്ളലിന് സൗകര്യങ്ങളും ഒപ്പം സുരക്ഷാ ക്രമീകരണങ്ങളുമാണ് ഏർപ്പെടുത്തിയിരുന്നത്.