പത്തനംതിട്ട: മണ്ഡലമഹോത്സവത്തിനായി നടതുറന്ന് ആദ്യ ആഴ്ചയില് നാലു ലക്ഷത്തോളം അയ്യപ്പഭക്തര് ശബരിമല ദര്ശനത്തിനെത്തി. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി 60,000 ഓളം പേരാണ് ശബരിമല ദര്ശനത്തിനെത്തിയത്.
തിങ്കളാഴ്ചയായിരുന്നു ഏറ്റവും കൂടുതല് ബുക്കിംഗ് ഉണ്ടായിരുന്നത്. 71,000 പേര് ബുക്ക് ചെയ്തതില് 68,000 ലധികം പേര് സന്നിധാനത്തെത്തി. ചെവ്വാഴ്ച 54,000 പേരായിരുന്നു ദര്ശനത്തിനായി ബുക്ക് ചെയ്തിരുന്നത്.
ഇന്നും അരലക്ഷത്തോളം ബുക്കിംഗുണ്ട്. തിരക്ക് വര്ധിച്ചതോടെ ഇന്നലെ മുതല് ഉച്ചകഴിഞ്ഞ് ഒരു മണിക്കൂര് അധികസമയം കൂടി ദര്ശനത്തിന് അനുവദിച്ചിട്ടുണ്ട്. മൂന്നിനു നട തുറക്കും.
പ്ലാസ്റ്റിക് ഒഴിവാക്കണം: മന്ത്രി രാധാകൃഷ്ണൻ
ശബരിമല: ശബരിമലയില് എത്തുന്ന അയ്യപ്പഭക്തര് പ്ലാസ്റ്റിക് വസ്തുക്കള് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അഭ്യര്ത്ഥിച്ചു.
കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികള്ക്ക് പകരം മറ്റു കുപ്പികള് ഉപയോഗിക്കാനുംപ്ലാസ്റ്റിക് കാരി ബാഗുകള്ക്ക് പകരം തുണി സഞ്ചിയോ, പേപ്പര് ബാഗോ ഉപയോഗിക്കാനും പമ്പ നദിയില് തുണികളും പ്ലാസ്റ്റിക് വസ്തുക്കളും വലിച്ചെറിയുന്നത് ഒഴിവാക്കുവാനും കൂടി ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്ഥിച്ചു.
ശ്വാസം മുട്ടല്; നെഞ്ചുവേദന വിളിക്കുക 04735 203232
ശബരിമല കയറ്റത്തില് അയ്യപ്പഭക്തര്ക്ക് ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നുണ്ടെങ്കില് ഉടന്തന്നെ വൈദ്യസഹായം തേടണം. കണ്ട്രോള് റൂം നമ്പര് -0473-5203232.
അയ്യപ്പഭക്തർ എത്തിത്തുടങ്ങി;അടിസ്ഥാന സൗകര്യങ്ങളില്ലാതെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ
കടുത്തുരുത്തി: കോവിഡിനുശേഷം ശബരിമല ദർശനത്തിനായി വിവിധ സംസ്ഥാനനങ്ങളിൽനിന്ന് അയ്യപ്പഭക്തർ എത്തിത്തുടങ്ങിയിട്ടും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പോ ഇല്ലാതെ വീർപ്പുമുട്ടി വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ.
ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഇൻഫോർമേഷൻ സെന്റർ, ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
നിലവിൽ ട്രെയിൻ നിർത്തുന്ന രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ കുടിവെള്ളത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്തതും പ്ലാറ്റ്ഫോം നമ്പർ ഒന്നിലെ ലഘു ഭക്ഷണശാല കോവിഡിനു ശേഷം ഇതേവരെ തുറന്നു പ്രവർത്തിക്കാത്തതും വിശ്രമകേന്ദ്രവും ശുചിമുറികളും വൃത്തിഹീനമായി തുടരുന്നതും ഭക്തർക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.
ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പും കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയാൽ ഏറ്റുമാനൂർ എറണാകുളം സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ ഭക്തർക്കും യാത്രക്കാർക്കും ഒരേ പോലെ പ്രയോജനപ്രദമായിരിക്കും.