റാന്നി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരേ ഇന്നലെ രാത്രി ഇടമുറി പൊന്നമ്പാറയില്‍ കല്ലേറ്. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിയ ബസിനു നേരേയാണ് കല്ലേറുണ്ടായത്. ബസിന്റെ മുൻ ഗ്ലാസ് തകര്‍ന്നു.
ഇരുചക്ര വാഹനത്തില്‍ എതിര്‍ദിശയില്‍ വന്ന രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. കറുത്ത ബൈക്കില്‍ ഇരുന്ന് കല്ലെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ അയ്യപ്പന്മാരും സമീപവാസികളും പറയുന്നത്.
കല്ലെറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് രാത്രിയില്‍ തന്നെ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.
തീര്‍ഥാടകരുടെ ബസിനുനേരേ കല്ലെറിഞ്ഞവരെ ഉടന്‍ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു.
രാത്രിയുടെ മറവില്‍ നടക്കുന്ന ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായംകൂടി ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.
സ്പെഷൽ ജീവനക്കാർക്കു താമസിക്കാൻ എസി കോച്ച് ഒരുക്കി റെയിൽവേ
ചെങ്ങന്നൂർ : മണ്ഡല മകരവിളക്ക് കാലത്ത് ചെങ്ങന്നൂരിൽ ഡ്യൂട്ടിക്ക് എത്തുന്ന സ്പെഷൽ ജീവനക്കാർക്ക് താമസിക്കാൻ ഒന്നാമത്തെ ഫ്ലാറ്റ്ഫോമിനു സമീപത്തായി എസി കോച്ച് ഒരുക്കി ഇന്ത്യൻ റെയിൽവേ.
രണ്ട് എസി കംപാർട്മെന്റുകളാണ് ഇത്തരത്തിൽ തയാറാക്കിയിരിക്കുന്നത്. ചെങ്ങന്നൂരിൽ പിൽഗ്രിംസെന്ററിനു സമീപത്തെ അധിക ട്രാക്കിലാണ് ഈ ബോഗികൾ നിർത്തിയിട്ടിരിക്കുന്നത്. 3 ടയർ സ്ലീപ്പർ എസി കംപാർട്മെന്റുകളിൽ ജീവനക്കാർക്ക് സുഖമായി താമസിക്കാനുള്ള എല്ലാ സൗകര്യമൊരുക്കിയിട്ടുണ്ട്.
മണ്ഡലകാലം അവസാനിക്കുന്ന നാൾവരെ ഈ കോച്ചുകൾ ചെങ്ങന്നൂർ സ്റ്റേഷനിലുണ്ടാകും. സ്പെഷലായി എത്തുന്ന റെയിൽവേയുടെ ജീവനക്കാർക്കാണ് കോച്ചിൽ താമസിക്കാനാവുക. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നതിനാൽ കംപാർട്മെന്റിലെ ശുചിമുറികൾ ഉപയോഗിക്കാനാകില്ല.
തിരുവനന്തപുരം ഡിവിഷനിൽ നിന്ന് അനുവദിച്ച എസി കോച്ച് കൊല്ലം സ്റ്റേഷനിൽ നിന്നാണ് കൊണ്ടുവന്നത്. ചെങ്ങന്നൂരിൽ ഇതാദ്യമാണ് ഇത്തരം സംവിധാനം.
ചെങ്ങന്നൂർ നഗരസഭ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതു തുടരുന്നു
ചെങ്ങന്നൂര്‍: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയില്‍വെ സ്റ്റേഷന് റോഡിലും ഷൈനി എബ്രഹാം റോഡിലും വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികളുമായി മൂന്നാം ദിവസവും നഗരസഭാ ഉദ്യോഗസ്ഥര്‍ മുന്നോട്ട്.
ഇന്നലെ രാവിലെ ഇതു സംബന്ധിച്ച് വഴിയോര കച്ചവടത്തിനെത്തിയ നാടോടി സംഘങ്ങളുമായി വാക്കുതര്‍ക്കമുണ്ടായി. ആന്ധ്ര, തമിഴ്നാട് ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവരിലേറെയും. മാസപൂജാസമയത്ത് വരുമ്പോള്‍ ആരും തടഞ്ഞിരുന്നില്ലെന്നും തങ്ങള്‍ക്ക് തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം നല്‍കണമെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പച്ചക്കുത്തല്‍, വനവിഭവങ്ങള്‍ കൊണ്ടുള്ള മാലകള്‍, മുത്തുമാലകള്‍, കുങ്കുമം, മഞ്ഞപ്പൊടി, അലങ്കാരവസ്തുക്കള്‍, തടിയില്‍ തീര്‍ത്ത ആഭരണങ്ങള്‍ മുതലായവ വില്‍ക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുപതംഗ സംഘത്തെയാണ് ഉദ്യോഗസ്ഥര്‍ വിലക്കിയത്.
ഇവരില്‍ നിന്നു സാധനങ്ങള്‍ പിടിച്ചെടുത്ത് നഗരസഭയുടെ ജീപ്പിലേക്ക് കയറ്റി. എന്നാല്‍ കുടുംബസമേതം ഉണ്ടായിരുന്ന സംഘത്തിലെ ആളുകള്‍ വാഹനം തടയുകയും വാഹനത്തിന് മുന്നില്‍ കിടക്കുകയും ചെയ്തതോടെ ആളുകള്‍ തടിച്ചുകൂടി.
ഒടുവില്‍ പോലീസെത്തി കാര്യങ്ങള്‍ ഇവര്‍ക്ക് വിശദീകരിച്ച് നൽകി സ്ഥിതി ശാന്തമാക്കുകയായിരുന്നു. സൂപ്പർവൈസർ ആർ എസ് കൃഷ്ണകുമാർ, സെക്ഷൻ ക്ലർക്ക് വിവേക് കെ. വിക്രം എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികൾ.