തിരുവനന്തപുരം: യുവതികൾ ശബരിമലയിലെത്തിയാൽ നട അടച്ചിടുമെന്നു പ്രഖ്യാപിച്ച തന്ത്രിക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുള്ള അധികാരം ദേവസ്വം ബോർഡിന് മാത്രമാണെന്നും തന്ത്രി ദേവസ്വം ബോർഡിലെ മറ്റു ജീവനക്കാർക്കൊപ്പം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്ത്രി ക്ഷേത്രമടയ്ക്കുമെന്നു പ്രഖ്യാപിച്ചു. പരികർമികൾ പതിനെട്ടാം പടിക്കു താഴെ സത്യാഗ്രഹമിരിക്കുന്ന സാഹചര്യമുണ്ടായി. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാൻ ഇവർ ചെയ്ത കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുള്ള അധികാരം ദേവസ്വം ബോർഡിനാണ്. തന്ത്രി ദേവസ്വം ബോർഡിലെ മറ്റു ജീവനക്കാർക്കൊപ്പം മാത്രമാണ്- മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ അവലോകന യോഗത്തിനെത്തിയ സ്ത്രീകളെ ദേവസ്വം ബോർഡ് ജീവനക്കാരിൽ ചിലർ പരിശോധിച്ചതും ഗൗരവമായി കാണേണ്ടതാണ്. ഇതിൽ ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ച് മടങ്ങുമെന്നു തന്ത്രി കണഠര് രാജീവര് പറഞ്ഞിരുന്നു. താക്കോൽ ഓഫീസിൽ ഏൽപ്പിക്കും. താഴമണ്‍ മഠത്തിലെ കാരണവർ കണ്ഠര് മോഹനരുമായും പന്തളം കൊട്ടാരവുമായും സംസാരിച്ചാണ് തീരുമാനമെടുത്തത്. മറ്റു തീരുമാനങ്ങൾ പിന്നാലെയെടുക്കും. ഇതല്ലാതെ മറ്റു മാർഗങ്ങളില്ല. താൻ നിസഹായനാണെന്നും തന്ത്രി പറഞ്ഞു.