ശബരിമല: പ്രശ്നരഹിതവും സമാധാനപരവുമായി മണ്ഡലവിളക്കുകാലം കഴിഞ്ഞതില്‍ മനസമാധാനത്തോടെ പോലീസ്. തുടര്‍ന്നുവരുന്ന മകരവിളക്കുകാലം പ്രശ്നരഹിതമാക്കാനുള്ള ഒരുക്കങ്ങളിലാണ് പോലീസ് സേനാവിഭാഗം. സന്നിധാനത്ത് മൂന്നാമത് ബാച്ചില്‍ ഡ്യൂട്ടിയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷല്‍ ഓഫീസറായിരുന്ന സഞ്ജയ്കുമാര്‍ ഗുരുഡിന് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി. പുതിയ സ്പെഷല്‍ ഓഫീസറായി മലപ്പുറം എസ്പി ദേബേഷ്കുമാര്‍ ബഹ്റ ഇന്നലെ വൈകുന്നേരം ചുമതലയേറ്റു.
സന്നിധാനത്തിന് പിറകില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍സിനറേറ്റിന് സമീപത്തുനിന്നും വെടിമരുന്ന് പിടിച്ചെടുത്തത് മാത്രമാണ് മണ്ഡലകാലത്തെ പ്രധാന കേസ്. വെടിവഴിപാടിന്റെ കോണ്‍ട്രാക്ട് എടുത്തയാളാണ് വെടിമരുന്ന് മാറ്റിയിട്ടിരുന്നതെന്നും ഇതുസംബന്ധിച്ച് കേസ് നിലവിലുണ്ടെന്നും സന്നിധാനം പോലീസ് അറിയിച്ചു.
അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ട ദിനങ്ങളില്‍ സമയോചിതമായി മുന്‍കരുതലോടെ പോലീസെടുത്ത നടപടികള്‍ ഭക്തര്‍ക്ക് അസൗകര്യങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു. ചന്ദ്രാനന്ദന്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയും ക്യൂ കോംപ്ലക്സുകള്‍ ക്രമീകരിച്ചും പതിനെട്ടാംപടിവഴി കയറുന്നതിന്റെ വേഗം കൂട്ടിയും വെര്‍ച്ചല്‍ക്യൂ ജനറല്ക്യൂ ആക്കിയും വടക്കേനട വഴി കൂടുതല്‍ ഭക്തരെ ക്രമീകരിച്ചുമാണ് ഭക്തരുടെ ഒഴുക്കിനെ നിയന്ത്രിച്ച് നിര്‍ത്തിയത്.
ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാവുമ്പോള്‍ അവരെ ക്യൂ കോംപ്ലക്സാക്കി വിശ്രമിക്കാന്‍ അവസരം നല്‍കും. തുടര്‍ന്ന് വെള്ളം, ബിസ്ക്കറ്റ് എന്നിവയും നല്‍കും. ശരംകുത്തിയ്ക്കും മരക്കൂട്ടത്തിനും ഇടയില്‍ ഇത്തരത്തില്‍ തിരക്ക് നിയന്ത്രിച്ച് നിര്‍ത്താനാകും. നല്ല തിരക്കുള്ള സമയം പമ്പയില്‍നിന്നും ഭക്തരുടെ പ്രവേശനം കുറച്ച് നേരത്തേയ്ക്ക് തടഞ്ഞും തിരക്ക് ക്രമീകരിച്ചത് ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവാതെ ദര്‍ശനം നടത്താന്‍ സഹായിച്ചു.
കൂടുതല്‍ നിരീക്ഷണക്യാമറകള്‍ ഈ വര്‍ഷം സ്ഥാപിച്ചതും പോലീസിന് സഹായകമായി. പത്തനംതിട്ട വടശേരിക്കര, നിലയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തുന്നതും പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്ക് വരുന്നവരെയും നിരീക്ഷിക്കാന്‍ മുന്തിയ ഇനം ക്യാമറകളാണ് സജ്ജമാക്കിയത്. സന്നിധാനം, പമ്പ, പത്തനംതിട്ട കളക്ടറേറ്റ് തുടങ്ങിയ പോലീസ് ആസ്ഥാനത്തുനിന്നും നിരീക്ഷണ ക്യാമറകളിലൂടെയുള്ള ദൃശ്യങ്ങള്‍ വീക്ഷിക്കാനാകും.
ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍, ഡിജിപി എന്നിവര്‍ക്ക് ഏത് സമയത്തും ദൃശ്യങ്ങള്നോക്കി സ്ഥിതി ഗതികള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമായത് പ്രശ്നരഹിതമായി മണ്ഡലകാലം പൂര്‍ത്തിയാക്കാനായി.13 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 115 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1400 സിവില്‍ പോലീസ് എന്നിങ്ങനെയാണ് പോലീസ് സേനാവിഭാഗം.
ഇതിനുപുറമേ 180 ആര്‍എഎഫ്, 40 എന്‍ഡിആര്‍എഫ്, 30 ഐആര്‍ ബറ്റാലിയന്, കര്‍ണാടക പോലീസ്, ആന്ധ്രാ പോലീസ്, 13 കമാന്‍ഡോകള്‍, വയര്‍ലെസ് വിഭാഗം, മെസ് തുടങ്ങിയ 2000ൽപരം സേനാംഗങ്ങളാണ് ശബരിമലയ്ക്ക് സുരക്ഷയൊരുക്കുന്നത്.