കൊല്ലം: ശബരിമലയിൽ നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളെ തകർക്കുവാൻ നിരീശ്വരവാദികളായ സ്ത്രീകളെ പോലീസ് വേഷം ധരിപ്പിച്ച് സന്നിധാനത്ത് എത്തിച്ച പോലീസ് അധികാരികളുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് കണ്ടുപിടിക്കാൻ ഗവണ്മെന്റ് അന്വേഷണ കമ്മീഷനെ വയ്ക്കണമെന്നും ശബരിമല അയ്യപ്പധർമ്മപരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ ആവശ്യപ്പെട്ടു.
മഹത്തായ പാരന്പര്യത്തിന്റെയും അനുഷ്ഠാനത്തിന്റേയും കാവൽക്കാരായ തന്ത്രികുടുംബവും പന്തളം രാജകുടുംബവും പരികർമ്മികളും അവസരത്തിനൊത്ത് ഉയർന്ന് വിശ്വാസികൾക്കൊപ്പം നിന്ന് ശബരിമലയിൽ നടയടയ്ക്കൽ ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങാൻ തയാറായ ആചാര്യന്മാരുടെ പ്രവർത്തനം ചരിത്രം രേഖപ്പെടുത്തുന്നതാണെന്നും ഇവർക്ക് പിന്നിൽ ശബരിമല വിശ്വാസികളുടെ പൂർണ പിന്തുണ ഉണ്ടായിരിക്കും.
എൻഎസ്എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ കൂട്ടായ അഭ്യർഥനയെ അംഗീകരിക്കുന്ന തന്ത്രികുടുംബവും പന്തളം രാജകുടുംബവും കാലഘട്ടത്തിനൊത്ത് ഉയർന്നതിൽ അയ്യപ്പധർമ്മപരിഷത്ത് അനുമോദിക്കുവാൻ തയാറാകുകയാണെന്ന് രാമൻനായർ വ്യക്തമാക്കി.
പന്പയിലും ശബരിമലയിലും നിരപരാധികളെ വിവിധ ഘട്ടങ്ങളിൽ ലാത്തിചാർജ് നടത്തുകയും സമാധാനപരമായി നിലയ്ക്കൽ ആദിവാസികൾ ഉൾപ്പെട്ടെ പർണശാലകൾ കെട്ടി ഉപവാസം നടത്തിയ പന്തൽ അടിച്ച് പൊളിക്കുകയും ചെയ്തത് അന്വേഷിക്കാൻ ഗവണ്മെന്റ് തയാറാകണമെന്ന് രാമൻനായർ ആവശ്യപ്പെട്ടു.
കേരളത്തിനകത്തും പുറത്തുമുള്ള അയ്യപ്പധർമ്മപരിഷത്തിന്റെ പ്രവർത്തക സമിതി അംഗങ്ങൾ അതാതു പ്രദേശങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ച് ശരണമന്ത്രസദസുകൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുവാൻ അയർക്കുന്നം രാമൻനായർ കണ്‍വീനറും കെ.എസ്. രാമചന്ദ്രറാവു, കെ.ബി. രാധാകൃഷ്ണമേനോൻ, സി.എൻ. രാജേന്ദ്രൻ അഡികൾ, എം.പി. നാരായണ ഭട്ട് എന്നിവരെ വിവിധ സംസ്ഥാനങ്ങളിലെ കോ-ഓർഡിനേറ്ററുമാരായി നിയമിച്ചിട്ടുണ്ട്.