പത്തനംതിട്ട: നാളെ ആരംഭിക്കുന്ന മണ്ഡലകാലത്തിനു മുന്നോടിയായി പോലീസ് സുരക്ഷാ സംവിധാനങ്ങൾക്ക് ഇന്നു തുടക്കമാകും. 2551 അംഗ പോലീസ് സേന ഇന്ന് ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലുമായി ചുമതലയേൽക്കും. നിലയ്ക്കൽ മുതൽ ഡ്യൂട്ടിയിലുള്ള പോലീസ് സംഘം എത്തിത്തുടങ്ങി.ശബരിമലയിൽ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതി നൽകിയ വിധിയുടെ കൂടി പശ്ചാത്തലത്തിൽ തീർഥാടനകാലം ഏറെ ശ്രദ്ധിക്കപ്പെടും.
കോടതി വിധിയേ തുടർന്ന് യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് വ്യക്തമായിട്ടില്ല. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്നു മുതൽ ചുമതലയേൽക്കുന്ന പോലീസ് സംഘത്തിന് സംഘർഷസാധ്യത പരമാവധി ഒഴിവാക്കാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്.
ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോർഡിനേറ്റർ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബ് ആയിരിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്കുമാർ, ദക്ഷിണമേഖലാ ഐജി ബൽറാം കുമാർ ഉപാധ്യായ എന്നിവർ ജോയിന്റ് ചീഫ് പോലീസ് കോർഡിനേറ്റർമാരാണ്.
തിരുവനന്തപുരം റേഞ്ച് ഡഐജി കോറി സഞ്ജയ് കുമാർ ഗുരുഡിൻ, എറണാകുളം റേഞ്ച് ഡിഐജി എസ്. കാളിരാജ് മഹേഷ് കുമാർ, സായുധ പോലീസ് ഇന്നു മുതൽ 30 വരെയുള്ള ആദ്യഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ എഐജി രാഹുൽ ആർ. നായരാണ് സന്നിധാനത്തെ പോലീസ് കണ്ട്രോളർ.
കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യു പന്പയിലും തൃശൂർ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനൻ നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പി.വാഹിദ് എരുമേലിയിലും പോലീസ് കണ്ട്രോളർമാരായിരിക്കും. ഒന്നാംഘട്ടത്തിൽ സന്നിധാനം, പന്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ചുമതല നിർവഹിക്കുക. മൂന്ന് എസ്പിമാർ, രണ്ട് എഎസ്പിമാർ, 23 ഡിവൈഎസ്പിമാർ എന്നിവർ ഇക്കൂട്ടത്തിലുണ്ടാകും.
30 മുതൽ ഡിസംബർ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ.എ. ശ്രീനിവാസ് സന്നിധാനത്തും കഐപി നാലാം ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ പന്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി എൻ.അബ്ദുൾ റഷീദ് നിലയ്ക്കലും തൃശൂർ സിറ്റി അഡീഷണൽ പോലീസ് കമ്മീഷണർ എം.സി. ദേവസ്യ എരുമേലിയിലും പോലീസ് കണ്ട്രോളർമാരായിരിക്കും.
ഡിസംബർ 14 മുതൽ 29 വരെയുള്ള മൂന്നാംഘട്ടത്തിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ.ആദിത്യ സന്നിധാനത്തും കേരള പോലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ റെജി ജേക്കബ് പന്പയിലും പോലീസ് കണ്ട്രോളർമാരായിരിക്കും.നിലയ്ക്കലിൽ കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡന്റ് ആർ. ഇളങ്കോയും എരുമേലിയിൽ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പി എം. ഇക്ബാലും ചുമതലയിലുണ്ടാകും.
ഡിസംബർ 29 മുതൽ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ എഐജി എസ്.സുജിത്ത് ദാസ്, എസ്എപി കമാണ്ടന്റ് കെ.എസ്.വിമൽ സന്നിധാനത്തും ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്പി എച്ച്. മഞ്ജുനാഥ് പന്പയിലും പോലീസ് കണ്ട്രോളർമാരാകും. പോലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്പി വി.അജിത്ത്, ആലപ്പുഴ അഡീഷണൽ എസ്പി ബി.കൃഷ്ണകുമാർ എന്നിവർ നിലയ്ക്കലും എരുമേലിയിലും ചുമതല നിർവഹിക്കും.
ജനുവരി 16 മുതൽ 22 വരെ പിടിസി പ്രിൻസിപ്പൽ ബി. വിജയൻ സന്നിധാനത്തും ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണൻ പന്പയിലും ദക്ഷിണമേഖലാ ട്രാഫിക് എസ്പി കെ.എൽ. ജോണ്കുട്ടി നിലയ്ക്കലും പോലീസ് കണ്ട്രോളർമാരായിരിക്കും.