കൊല്ലം: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി എതിരായാൽ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതും പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയുടെ പദവിക്ക് യോജിക്കാത്തതുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ 36 ദിവസം കൊണ്ട് ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 35 ബില്ലുകളാണ് ബി.ജെ.പി സർക്കാർ പാസാക്കിയത്. ആത്മർത്ഥാതയുണ്ടായിരുന്നെങ്കിൽ ശബരിമല വിഷയത്തിലും നിഷ്പ്രയാസം നിയമനിർമ്മാണം നടത്താമായിരുന്നു. എന്തുകൊണ്ടാണ് ശബരിമല സംബന്ധിച്ച നിയമനിർമ്മാണം നടത്താത്തതെന്ന് വ്യക്തമാക്കണം.
സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നിലനിൽക്കുന്നതുകൊണ്ടാണ് നിയമനിർമ്മാണം നടത്താൻ കഴിയാഞ്ഞതെന്ന മന്ത്രിയുടെ വാദം നിരർത്ഥകവും അപ്രസക്തവുമാണ്. പട്ടികജാതി പട്ടികവർഗ്ഗ പീഢന നിരോധന നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോതി വിധിക്കെതിരെ കേന്ദ്ര സർക്കാർ തന്നെ സമർപ്പിച്ച റിവ്യു ഹർജി നിലനിൽക്കുന്പോഴാണ് ബി.ജെ.പി സർക്കാർ പാർലമെന്റിൽ നിയമനിർമ്മാണം നടത്തി വിധിയെ അപ്രസക്തമാക്കിയത്. നിയമനിർമ്മാണത്തെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.
നിയമനിർമ്മാണത്തിനുള്ള പരമാധികാരവും സാധ്യതയും നിലനിൽക്കുന്പോൾ നാളിതുവരെയായി അതിനു തയ്യാറാകാത്ത ബി.ജെ.പി വിശ്വാസി സമൂഹത്തെ കബളിപ്പിക്കുകയാണ്. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മുഖ്യമന്ത്രിക്കൊപ്പമാണോ ദേവസ്വം മന്ത്രിക്കൊപ്പമാണോ എന്ന് വെളിപ്പെടുത്തണം.
പാർലമെന്റിൽ നിലനിൽക്കുന്ന സ്വകാര്യ ബില്ല് ചർച്ചയ്ക്കെടുക്കുന്പോൾ ബി.ജെ.പി യും സി.പിഎമ്മും ബില്ലിനെ അനുകൂലിക്കുമോ പ്രതികൂലിക്കുമോ എന്ന് വെളിപ്പെടുത്തണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.