ശബരിമല: മുന്‍ വര്‍ഷങ്ങളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ ക്യൂ നിന്നാല്‍ മാത്രമേ മണ്ഡലകാലത്തിന്റെ തുടക്ക ദിവസങ്ങളില്‍ പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുകയുള്ളായിരുന്നു. എന്നാല്‍ ഇന്ന് ശബരിമലയിലെ കാഴ്ച മറ്റൊരു തരത്തിലാണ്. പതിനെട്ടാം പടിയില്‍ യാതൊരു തിക്കിത്തിരക്കുമില്ല. പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇതിന് കാരണം. സന്നിധാനത്തേക്ക് തിരിക്കുന്ന ഭക്തരെ സംശയം തോന്നിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. മല കയറ്റാതെ തിരിച്ചയക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ നെയ്യഭിഷേകം നടത്തുന്നതില്‍ ഏറെ പ്രശ്നമുള്ളതും തീര്‍ത്ഥാടനത്തെ ബാധിക്കുന്നുണ്ട്. രാവിലെ എത്തിയാലും ശബരിമലയിലേക്ക് എത്തി നെയ്യഭിഷേകം നടത്താനാകില്ല. ഇതും ഭക്തരുടെ വരവിനെ ബാധിച്ചിട്ടുണ്ട്. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ പോലും ആളൊഴിഞ്ഞ അവസ്ഥയാണ് ഉള്ളത്. ശബരിമല തീര്‍ത്ഥാടനകാലത്തെ ഏറ്റവും മോശം അവസ്ഥയാണ് ഇത്.
അതിനിടെ മാളികപ്പുറത്തു ബൂട്ടിട്ടു പൊലീസ് കയറി ആചാരവും വിശ്വാസവും ലംഘിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ ആരോപിച്ചു. ശ്രീകോവിലും തിരുമുറ്റവും ഒഴികെ എല്ലായിടത്തും ലാത്തിയും തൊപ്പിയും ബൂട്ടും ഉള്‍പ്പെടെ പൂര്‍ണ യൂണിഫോം വേണമെന്നാണ് എഡിജിപി പൊലീസുകാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതനുസരിച്ചു ഡ്യൂട്ടിക്കു നിന്നവരാണ് ഇന്നലെ ഉച്ചയോടെ ബൂട്ടിട്ടു കയറിയത്. മാളികപ്പുറം മേല്‍പ്പാലം വഴി ക്ഷേത്രത്തിനടുത്തുവരെയെത്തി. അയ്യപ്പന്മാര് പരാതി പറഞ്ഞതോടെ പൊലീസ് അവിടെ നിന്നുമാറി. ഇതെല്ലം വലിയ വിവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പലസമയത്ത് പല നിയമം. നട തുറക്കുന്ന ദിവസം ദര്‍ശനം തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 15, 16 തീയതികളില്‍ പെരുവഴിയിലായി. 16ന് നിലയ്ക്കല്‍ എത്തിയവര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാത്തിരുന്നത് മണിക്കൂറുകള്‍. ഇതിനെല്ലാം കാരണം പൊലീസിന്റെ നിയന്ത്രണങ്ങളാണ്.
വിശ്രമിക്കാനും നെയ്യഭിഷേകത്തിനു കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തു നിന്ന് ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയയ്ക്കുകയാണ്. നിയന്ത്രണങ്ങള്‍ അലോസരപ്പെടുത്തുന്നതിനാല്‍ മലയാളികളായ ഭക്തര്‍ ശബരിമല ദര്‍ശനം ഒഴിവാക്കുകയാണ്. വെള്ളിയാഴ്ച രാത്രി നടയടച്ചശേഷം സന്നിധാനത്ത് വിരിവെച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് പൊലീസ് മടക്കിയയച്ചിരുന്നു. ഉറങ്ങിക്കിടന്നവരെ ലാത്തികൊണ്ട് തട്ടി ഉണര്‍ത്തിയാണ് മടങ്ങിപ്പോകാനാവശ്യപ്പെട്ടത്. ഇത്തരം വാര്‍ത്തകളും തിരക്കിനെ കുറിച്ചിട്ടുണ്ട്. പതിനെട്ടാം പടിയില്‍ എല്ലാ സമയത്തും വലിയ തിരക്കാണ് തീര്‍ത്ഥാടനകാലത്ത് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെ അല്ല. മണിക്കൂറുകളുടെ ക്യൂവൊന്നുമില്ലാതെ നേരെവന്ന് പതിനെട്ടാംപടി ചവിട്ടാം.
താഴെതിരുമുറ്റത്ത് നില്‍ക്കാനും അനുവാദമില്ല. മടങ്ങിപ്പോകുന്നവരെ വലിയനടപ്പന്തലിനരികിലെ മേല്‍പ്പാലം വഴിയാണ് വിടുന്നത്. താഴെ തിരുമുറ്റത്തെ വലിയമരങ്ങളുടെ തണലില്‍ ഭക്തര്‍ വിശ്രമിക്കാറുള്ളതാണ്. എന്നാല്‍, ഇവിടെ ബാരിക്കേഡുകള്‍വെച്ച് അടച്ചു. വാവര് നടയിലേക്ക് പോകുന്നതിനും ഇത് തടസ്സമായി. ഇതുകടന്നുവേണം അപ്പം, അരവണ കൗണ്ടറിലേക്ക് പോകാന്‍. വാവരുനടയിലെ വരുമാനത്തില്‍ മൂന്നിലൊന്ന് കുറവു വന്നതായി വാവരുടെ പ്രതിനിധി പറഞ്ഞു. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളില്‍ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വംബോര്‍ഡ്. വരുമാനത്തില്‍ വന്‍കുറവ് ഉണ്ടായതായി അധികൃതര്‍ പറയുന്നു. മഹാകാണിക്കയ്ക്കുസമീപമുള്ള അന്നദാന സംഭാവന കൗണ്ടറില്‍ സാധാരണ മണ്ഡലകാലത്ത് ഒരു ദിവസം അഞ്ചുലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. ഇത്തവണ ഒന്നും കിട്ടുന്നില്ല. നിയന്ത്രണം കാരണം അയ്യപ്പന്മാര്ക്ക് പല കൗണ്ടറുകളിലും എത്താന്‍ കഴിയുന്നില്ലെന്ന് അവലോകന യോഗത്തില്‍ പരാതിയുയര്‍ന്നു. ആഴിക്ക് സമീപമുള്ള അപ്പം, അരവണ കൗണ്ടറുകളില്‍ വില്‍പ്പന വളരെ കുറവാണ്. കാര്യമായ നിയന്ത്രണമില്ലാത്ത മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കൗണ്ടറില്‍ നല്ല വില്‍പ്പനയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നെയ്യഭിഷേകത്തിനു ഭക്തര്‍ സന്നിധാനത്തു വിശ്രമിക്കുന്നതിനു കുഴപ്പമില്ലെന്നും എന്നാല്‍ പ്രതിഷേധം ലക്ഷ്യമിട്ടെത്തുന്നവരെ തങ്ങാന്‍ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സന്നിധാനത്തെ കടകളും അപ്പം, അരവണ കൗണ്ടറുകളും രാത്രി അടയ്ക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞദിവസം മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു. പമ്പ മുതല്‍ പ്രാഥമികാവശ്യങ്ങള്‍ക്കു സൗകര്യമില്ലെന്നതും തീര്‍ത്ഥാടകരെ വലയ്ക്കുന്നു. ഉള്ള ശുചിമുറികളില്‍ വെള്ളമില്ല. രാത്രി 11നു നടയടച്ച ശേഷം പമ്പയില്‍നിന്ന് ആരെയും സന്നിധാനത്തേക്കു കയറ്റിവിടുന്നില്ല. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കു രാത്രി 9.30നും 12നുമിടയ്ക്കു ബസുകള്‍ വിടേണ്ടെന്നാണു കെഎസ്ആര്‍ടിസിക്കു പൊലീസിന്റെ നിര്‍ദ്ദേശം. ഓരോ ദിവസവും ഓരോ നിയമമാണ് സന്നിധാനത്തെന്നും ആക്ഷേപമുണ്ട്. നിലവില്‍ ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശബരിമല തീര്‍ഥാടനം കടന്നു പോകുന്നത്.