ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിണറായി വിജയന് സര്‍ക്കാരിനും കേരള പോലീസിനും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാഴ്ച്ചകളാണ് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം മുതല്‍ അങ്ങ് പമ്പ വരെ ദൃശ്യമാകുന്നത്. പഴുതടച്ച സുരക്ഷയില്‍ പോലീസുകാര്‍ നില്‍ക്കുമ്പോഴും പ്രതിഷേധത്തിനായി എത്തുന്ന സ്ത്രീകളടക്കമുള്ള വിശ്വാസികളുടെ എണ്ണം നിമിഷംപ്രതി വര്‍ധിച്ചു വരികയാണ്.
ശബരിമലയിലെ സുരക്ഷയ്ക്കെന്ന പേരില്‍ പരിസരപ്രദേശങ്ങളിലും അപ്രഖ്യാപിത നിരോധാജ്ഞയുടെ അവസ്ഥയാണ്. ശബരിമലയിലേക്കുള്ള വിശ്രമകേന്ദ്രങ്ങളിലൊന്നായ മുക്കൂട്ടുത്തറയില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഇക്കാര്യത്തില്‍ വാക്കുതര്‍ക്കം രൂപപ്പെടുകയും ചെയ്തു. ശബരിമല വിശ്വാസികളും സര്‍ക്കാരും തമ്മിലുള്ള വിഷയമെന്ന നിലയില്‍ നിന്ന് പ്രശ്നം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകളും പലയിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ന് പൂനയില്‍നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി എത്തിയത്. തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്കു നേരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. വിമാനത്താവളത്തിനു പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധം മൂലം സംഘത്തിനു വിമാനത്താവളത്തിനു പുറത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. സംഘത്തിനു ഇവിടെനിന്നും പുറത്തേക്കുപോകാന്‍ ടാക്സികളും ലഭിക്കുന്നില്ലെന്നു പറയുന്നു. ഇവരുമായി പോകാന്‍ ടാക്സിക്കാര്‍ തയാറാകാത്തതാണ് കാരണം. ആക്രമണം ഉണ്ടാകുമോയെന്നാണ് ടാക്സിക്കാരുടെ ഭയം.
തൃപ്തി സുരക്ഷ ആവിശ്യപ്പെട്ടിട്ടില്ലെന്നും ആവിശ്യപ്പെട്ടാല്‍ നല്‍കുമെന്നും പോലീസ് പറഞ്ഞു. തൃപ്തി ദേശായിക്കു വധ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സുരക്ഷ ഒരുക്കുമെങ്കിലും വിഐപികള്‍ക്കു നല്കുന്നതു പോലുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതില്ലെന്നാണു പോലീസ് നിലപാട്.